ബിഗ് ബോസ് തമിഴിന്റെ ഒടിടി പതിപ്പായ ബിഗ് ബോസ് തമിഴ് അൾട്ടിമേറ്റിൽ നിന്നും പിന്മാറി അവതാരകൻ കമൽ ഹാസൻ. സീസൺ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടൻ അവതരണത്തിൽ നിന്നും പിന്മാറുന്നത്. ഷോ പാതിവഴിയിൽ ഉപേക്ഷിക്കുന്നതിന്റെ കാരണം വിശദമാക്കി നടൻ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന കമൽ ഹാസൻ സിനിമയുടെ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും ബിഗ് ബോസ് അൾട്ടിമേറ്റിന്റെ ഷൂട്ടിംഗും ഒരേസമയമാണ് വന്നെത്തിയത്. രണ്ട് ഉദ്യമങ്ങളും ഒരേസമയം കൈകാര്യം ചെയ്യുന്നത് അപ്രായോഗികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണിനെ തുടർന്ന് നീണ്ടുപോയ ചില വർക്കുകളാണ് ഇതിന് കാരണമായതെന്ന് നടൻ പ്രസ്താവനയിൽ പറയുന്നു. വിക്രമിൽ ഇനിയും ചില ഷോട്ടുകൾ പൂർത്തിയാക്കാനുണ്ടെന്നും പ്രധാനപ്പെട്ട പല നടന്മാരും ഉൾക്കൊള്ളുന്ന ഷോട്ടുകളാണതെന്നും കമൽ ഹാസൻ പറഞ്ഞു.
മാറ്റിവെക്കാനോ, നീട്ടിവെക്കാനോ കഴിയാത്ത സാഹചര്യം വന്നു ചേർന്നതിനാലാണ് ഏറെ പ്രിയപ്പെട്ട ബിഗ്‌ബോസ് ഷോയിൽ നിന്ന് പിന്മാറുന്നതെന്നും നടൻ വ്യക്തമാക്കി. കമൽ ഹാസനോടൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും എത്തുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ ‘വിക്രം’.