എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ഒരു ഫീച്ചര്‍ ഫിലിമോ വെബ് സീരിസോ ആകാൻ സാധ്യതയുള്ള വിഷയത്തിൽ ആര്യൻ വർക്ക് ചെയ്തു കൊണ്ടിരിക്കയാണെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സംവിധാനമാണ് ആര്യന് താൽപര്യമുള്ള മേഖലയെന്ന് മുമ്പ് ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു.
ആമസോണ്‍ പ്രൈമിന് വേണ്ടിയുള്ള സീരിസും റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയുള്ള ഫീച്ചര്‍ ഫിലിമുമാണ് മുന്നിലുള്ള രണ്ട് ആശയങ്ങള്‍. ഒരു ആരാധകന്റെ കഥ പറയുന്ന സീരിസായിരിക്കും ആമസോണ്‍ പ്രൈമിലെത്തുന്നതെന്നാണ് റിപ്പോർട്ട്. എന്നാല്‍ സീരിസിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ഈ വര്‍ഷം തന്നെ സീരിസ് പുറത്ത് വരും. ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്.
ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. ഒരുമാസത്തെ ജയിൽ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് കേസിൽ ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്.