3 ദിവസത്തില്‍ 100 കോടി! കോളിവുഡിനെ വീണ്ടും ട്രാക്കിലാക്കി 'വലിമൈ'

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തമിഴ് സിനിമാ വ്യവസായം ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്റ്റ് ആണ് അജിത്ത് നായകനായ വലിമൈ. എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ മികച്ച ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം തമിഴ്നാട്ടില്‍ നിന്നു മാത്രം 34.12 കോടിയാണ് ലഭിച്ചത്. ചെന്നൈ നഗരത്തില്‍ മാത്രം 1.82 കോടി റിലീസ് ദിനത്തില്‍ ചിത്രം നേടിയിരുന്നു.

Advertisment

അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ ചിത്രം തമിഴിനു പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്.

ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള നേട്ടമാണ് ഇത്. അജിത്തിന്‍റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി ക്ലബ്ബ് നേട്ടവുമാണ് വലിമൈ. പ്രീ-റിലീസ് ബിസിനസ് കൊണ്ടുതന്നെ ടേബിള്‍ പ്രോഫിറ്റ് ഉണ്ടാക്കിയ ചിത്രവുമാണിത്. തമിഴ്നാട്ടിലെ വിതരണാവകാശം കൊണ്ടുമാത്രം ചിത്രം 62 കോടി നേടിയിരുന്നു. കേരളത്തില്‍ നിന്ന് 3.5 കോടിയും കര്‍ണ്ണാടകയില്‍ നിന്ന് 5.5 കോടിയുമാണ് ഈയിനത്തില്‍ ലഭിച്ചത്. ഹിന്ദി പതിപ്പിന് 2 കോടിയും വിദേശ മാര്‍ക്കറ്റുകളിലെ വിതരണാവകാശത്തിന് മറ്റൊരു 16 കോടിയും ലഭിച്ചിരുന്നു. റീലീസിന് മുന്‍പ് ലഭിച്ച ടേബിള്‍ പ്രോഫിറ്റ് 11 കോടിയായിരുന്നു.

എന്നാല്‍ ആദ്യദിന പ്രദര്‍ശനങ്ങള്‍ക്കു ശേഷം ചിത്രത്തിന് ദൈര്‍ഘ്യം കൂടുതലാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അണിയറക്കാര്‍ ചിത്രം റീഎഡിറ്റ് ചെയ്തിരുന്നു. ഇതുപ്രകാരം തമിഴ് പതിപ്പില്‍ നിന്ന് 12 മിനിറ്റ് കട്ട് ചെയ്തു. എന്നാല്‍ ഹിന്ദി പതിപ്പില്‍ നിന്ന് 15 മിനിറ്റ് വരുന്ന രംഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഹിന്ദി പതിപ്പില്‍ നിന്ന് അജിത്തിന്‍റെ ഇന്‍ട്രൊഡക്ഷന് ശേഷമുള്ള ഗാനവും നീക്കം ചെയ്തു. ഇതോടെ ഹിന്ദി പതിപ്പിന്‍റെ ആകെ ദൈര്‍ഘ്യം 18 മിനിറ്റ് കുറയും. റീ എഡിറ്റിംഗ് നടത്തിയ പതിപ്പുകളാണ് വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Advertisment