മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'ജോസഫ്'. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ നായകനായത്. ദേശീയ ചലച്ചിത്ര അവാര്‍ഡിലും 'ജോസഫ്' ശ്രദ്ധ നേടിയിരുന്നു. ജോജു ജോര്‍ജ് നായകനായ ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.
'വിസിതരൻ' എന്ന പേരിലാണ് 'ജോസഫ്' തമിഴിലേക്ക് എത്തുന്നത്. ജോജുവിന്റെ വേഷം തമിഴില്‍ ചെയ്യുന്നത് ആര്‍ കെ സുരേഷാണ്. എം പത്‍മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. ആര്‍ കെ സുരേഷ് ചിത്രം മെയ് 20ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ശിവ ശേഖര്‍ കിലാരിയും ബാലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാര്‍ക് പിക്ചേഴ്‍സും ബി സ്റ്റുഡിയോസുമാണ് ബാനര്‍. തിയറ്ററില്‍ തന്നെയാണ് 'വിസിതരൻ' ചിത്രം റിലീസ് ചെയ്യുക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ആര്‍ സുരേഷിന് പുറമേ ചിത്രത്തില്‍ പൂര്‍ണ, മധു ശാലിനി, ഭഗവതി പെരുമാള്‍, ഇളവരശു, ജോര്‍ജ്, അനില്‍ മുരളി, ജി മാരിമുത്തു തുടങ്ങിയവര്‍ വേഷമിടുന്നു. ഷഹി കബിറിന്റെ തിരക്കഥയ്‍ക്ക് ചിത്രത്തിനായി ജോണ്‍ മഹേന്ദ്രൻ സംഭാഷണമെഴുതുന്നു. വെട്രിവേല്‍ മഹേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സതിഷ് സൂര്യ ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നു.
ഒരു റിട്ടയേർഡ് പോലീസുകാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാർത്ഥ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് അഭിനയിച്ചത്. ജോജു ജോര്‍ജ് ചെയ്‍ത കഥാപാത്രമായ 'ജോസഫി'ന്റെ മകള്‍ 'ഡയാന'യായി മാളവിക മേനോൻ അഭിനയിച്ചു.
ദിലീഷ് പോത്തൻ, ആത്മീയ രാജൻ, മാധുരി ബ്രഗൻസ, സുധി കൊപ്പ, ഇർഷാദ് ടി, രാജേഷ് ശർമ്മ, അനിൽ മുരളി,ജയിംസ് എലിയ,ജാഫർ ഇടുക്കി, നെടുമുടി വേണു, ഇടവേള ബാബു, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. രഞ്‍ജിൻ രാജ് ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. മനേഷ് മാധവൻ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'ജോസഫ് 'തമിഴിലേക്കെത്തുമ്പോള്‍ ചിത്രത്തില്‍ എന്തൊക്കെ മാറ്റങ്ങളാകും എന്നറിയാനാണ് ഇനി ആകാംക്ഷ.