ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി ആലിയ; 100 കോടി കടന്ന് 'കത്തിയവാഡി'

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

നായികമാര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്തെത്തുന്നത് അപൂര്‍വ്വ കാഴ്ചയാണ്, അത് ഏത് ഭാഷാ സിനിമയാണെങ്കിലും. എന്നാല്‍ ആ അപൂര്‍വ്വ കാഴ്ചയ്ക്കാണ് ബോളിവുഡ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ആലിയ ഭട്ടിനെ ടൈറ്റില്‍ കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ​ഗം​ഗുഭായ് കത്തിയവാഡിയാണ് ബോളിവുഡ് വ്യവസായത്തെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസില്‍ നേട്ടം കൊയ്യുന്നത് തുടരുന്നത്. ഇപ്പോഴിതാ 100 കോടി ക്ലബ്ബിലേക്കും പ്രവേശിച്ചിരിക്കുകയാണ് ചിത്രം. 13 ദിവസം കൊണ്ടാണ് ഈ നേട്ടം.

Advertisment

100 കോടി ക്ലബ്ബ് എന്നത് ബോളിവുഡിനെ സംബന്ധിച്ച് ഒരു വാര്‍ത്തയേ ആയിരുന്നില്ല. എന്നാല്‍ അത് കൊവിഡ് സാഹചര്യം വരുന്നതിനു മുന്‍പാണ്. കൊവിഡ് എത്തിയതിനു ശേഷം കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ ​ഗം​ഗുഭായിയെ കൂടാതെ മറ്റു മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ബോളിവുഡില്‍ ഈ നേട്ടം കൈവരിച്ചത്. അതിലൊന്ന് അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ പുഷ്പയുടെ ഹിന്ദി പതിപ്പ് ആണെന്ന പ്രത്യേകതയുമുണ്ട്.

അക്ഷയ് കുമാറിന്‍റെ സൂര്യവന്‍ശി, ഇന്ത്യയുടെ ക്രിക്കറ്റ് വേള്ഡ് കപ്പ് വിജയത്തിന്റെ കഥ പറഞ്ഞ 83 എന്നിവയാണ് ഈ പരീക്ഷണ കാലത്തും ബോളിവുഡില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തിയ ചിത്രങ്ങള്‍. ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 10.50 കോടിയായിരുന്നു. തൊട്ടുപിറ്റേദിവസം പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും നേടിയിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ കളക്ഷന്‍ 68.93 കോടി രൂപയായിരുന്നു.

കൊവിഡിന് ശേഷമുള്ള ബോളിവുഡ് ബോക്സ് ഓഫീസ് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍ ആണിത്. അക്ഷയ് കുമാര്‍ നായകനായ സൂര്യവന്‍ശി, രണ്‍വീര്‍ സിം​ഗ് നായകനായ 83 എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. സൂര്യവന്‍ശി 120.66 കോടിയും 83 71.87 കോടിയുമാണ് നേടിയിരുന്നത്. ഇന്നലെ വരെയുള്ള കളക്ഷന്‍ പരിശോധിച്ചാല്‍ ചിത്രം നേടിയത് 99.64 കോടി രൂപയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. 100 കോടി എന്ന സംഖ്യ ചിത്രം ഇന്നലെ മറികടന്നു.

കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ​ഗം​ഗുഭായ് കത്തിയവാഡി. 'പദ്‍മാവതി'നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.

2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയിരുന്നു. പിന്നീട് 2020 ഒക്ടോബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നിശ്ചയിച്ചിരുന്ന റിലീസ് തീയതിയും മാറ്റിവെക്കേണ്ടിവന്നിരുന്നു.

Advertisment