വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. ചിത്രം നാലാം ദിവസം 47.85 കോടി രൂപ കളക്ഷൻ ലഭിച്ചതായി നിർമ്മാതാക്കളായ സീ സ്റ്റുഡിയോ അറിയിച്ചു. റിലീസ് ചെയ്ത തീയേറ്ററുകളുടെ എണ്ണവും കശ്മീർ ഫയൽസ് ഓരോ ദിവസവും തിരുത്തുകയാണ്. ആദ്യ ദിനം 630 തീയേറ്ററുകളിലാണെങ്കിൽ ഇപ്പോൾ 2000ൽ അധികം തീയേറ്ററുകളിലായി ഉയർന്നിട്ടുണ്ട്.
കശ്മീർ ഫയൽസ് കാണാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾ നികുതി ഒഴിവാക്കിയിരുന്നു. ഇതിനോടകം എട്ട് സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയത്. അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് നികുതി ഒഴിവാക്കിയ കാര്യം അറിയിച്ചത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമായതിനാലാണ് നികുതി ഒഴിവാക്കുന്നതെന്നാണ് മുഖ്യമന്ത്രിമാർ ഒറ്റസ്വരത്തിൽ പറയുന്നത്.
ഹരിയാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കർണ്ണാടക, ഗോവ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളാണ് കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തുള്ള തീയേറ്ററുടമകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുമുണ്ട്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിന്റെ പ്രമേയം. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ,, പല്ലവി ജോഷി, ചിന്മയി, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, മൃണാൽ കുൽക്കർണ്ണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം വിജയകരമായി മുന്നേറുമ്പോൾ ചർച്ചയാകുന്നത് കശ്മീരിൽ ഹിന്ദുക്കൾ അനുഭവിച്ച ഞെട്ടിപ്പിക്കുന്ന വംശഹത്യയുടെ ചരിത്രമാണ്.