ആർആർആറിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ രാജമൗലി.
പ്രേക്ഷകരുടെ നിലയ്ക്കാത്ത കരഘോഷങ്ങൾക്ക് നന്ദി എന്നാണ് രാജമൗലി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നിരവധിപേർ രാജമൗലിക്ക് അഭിനന്ദനമറിയിച്ച് രം​ഗത്തെത്തുകയാണ്.
'ബാഹുബലി'ക്ക് ശേഷം പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് 'ആർആർആർ'. രാജമൗലിയുടെ മറ്റൊരു മാസ്റ്റർപീസ് ചിത്രമാണ് ആർആർആറെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കേരളത്തിൽ മാത്രം നാല് കോടി രൂപയാണ് ആദ്യ ദിനത്തിൽ ചിത്രം സ്വന്തമാക്കിയത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്! ഹിന്ദി പതിപ്പ് ആണ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി. കൂടാതെ വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസ് ചെയ്തു. ബാഹുബലിക്ക് ശേഷം വരുന്ന രാജമൗലി ചിത്രത്തിനായി ആരാധകരും സിനിമാസ്വാദകരും ഒരുപോലെയാണ് കാത്തിരുന്നത്. കേരളത്തിൽ പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്.