ബോക്സ് ഓഫീസിൽ 'ദി കശ്മീർ ഫയൽസി'ന്റെ തേരോട്ടം, ചിത്രം ഇതുവരെ നേടിയത്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ബോളിവുഡ് ചിത്രം ദ കശ്‍മീര്‍ ഫയല്‍സ്. വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥയാണ് പറഞ്ഞത്. പ്രശംസയ്ക്കൊപ്പം ചിത്രത്തിന് വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിനിടയിലും ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

Advertisment

കഴിഞ്ഞ വാരത്തിൽ തന്നെ ചിത്രം 200 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. കൊവിഡിന് ശേഷം വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണിത്. ഇതുവരെ 219. 08 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് 225 കോടി ചിത്രം മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് പറയുന്നത്. വരും ദിവസങ്ങളിൽ ഇത് 250 കോടി ആകുമെന്നും തരൺ ട്വീറ്റ് ചെയ്യുന്നു.

മാര്‍ച്ച് 11ന് റിലീസ് ചെയ്ത ചിത്രം 18ന് ആയപ്പോൾ തന്നെ 100 കോടി പിന്നിട്ടിരുന്നു. അതേസമയം, ചിത്രത്തിനെതിരെ ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വിവേക് അ​ഗ്നിഹോത്രി എത്തിയിരുന്നു. സിനിമ നിര്‍മിച്ചിരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും സംവിധായകൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

ചിലർ കശ്മീര്‍ ഉപയോഗിച്ച് പല വ്യാപാരങ്ങളും നടത്തുകയാണ്. അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായതിനാലാകാം വിവാദങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നതെന്നും വിവേക് പറഞ്ഞു. തീവ്രവാദം ഒരു സമൂഹത്തില്‍ പ്രവേശിക്കുകയും അതിന് പ്രത്യയശാസ്ത്രപരമായ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ അത് ദുരന്തത്തിലേക്ക് നയിക്കുമെന്ന് കാണിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

1990-കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.

Advertisment