തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ ആർആർആർ. ബാ​ഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു അതിന് കാരണം. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷക, നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്.
റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ ബോക്സ് ഓഫീസിലും ചിത്രം മികച്ച വിജയമാണ് നേടുന്നത്. ഈ വിജയത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് രാം ചരൺ. പത്ത് ഗ്രാമിന്റെ പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളാണ് അണിയറപ്രവർത്തകർക്കായി രാംചരൺ നൽകിയത്.
ക്യാമറ സഹായികൾ, പ്രൊഡക്‌ഷൻ മാനേജർ, സ്റ്റിൽ ഫൊട്ടോഗ്രഫർ, പ്രൊഡക്‌ഷൻ മാനേജർമാർ, അക്കൗണ്ടന്റുമാർ എന്നിവർ ഉൾപ്പടെ, ചിത്രത്തിലെ 35 ടെക്‌നീഷ്യന്മാരെയാണ് രാംചരൺ വീട്ടിലേക്ക് ക്ഷണിച്ച് സമ്മാനം നൽകിയത്. എല്ലാ സ്വർണ്ണ നാണയങ്ങളിലും ആർആർആർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.