പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം കെജിഎഫ് ചാപ്റ്റർ 2 റിലീസിന് ഒരുങ്ങുകയാണ്. സിനിമയെ പോലെ തന്നെ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രം അധീരയ്ക്കായും ആരാധകർ വലിയ കാത്തിരിപ്പിലാണ്. ശ്വാസകോശാർബുദത്തിന്റെ ചികിത്സയ്ക്ക് ശേഷം താരം സിനിമയിൽ അഭിനയിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രീകരണത്തെക്കുറിച്ചും അധീരയെക്കുറിച്ചും പറയുകയാണ് സഞ്ജയ് ദത്ത്. ഏറെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു സിനിമയുടെ ചിത്രീകരണം എന്ന് അദ്ദേഹം പറയുന്നു. സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നും ലഭിച്ച പിന്തുണ കൊണ്ടാണ് താൻ ആ കഥാപാത്രത്തിന് പൂർണ്ണത നൽകിയത് എന്ന് അദ്ദേഹം പറയുന്നു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'എനിക്ക് സൗകര്യപ്രദമായ രീതിയിലാണ് അണിയറപ്രവർത്തകർ കെജിഎഫ് ചിത്രീകരിച്ചത്. അവർ എന്നോട് ഗ്രീൻ സ്‌ക്രീനിന്റെ സഹായത്തോടെ ചിത്രീകരിക്കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരു നടൻ എന്ന നിലയ്ക്ക് സിനിമ അതിന്റെ ശരിയായ രീതിയിൽ ചിത്രീകരിക്കുക എന്നത് എന്റെ കടമയാണ്. വലിയ സ്കെയിലിൽ ഒരുക്കിയ ചിത്രമാണ് കെജിഎഫ്. ക്ലൈമാക്സ് ചെളിയും പൊടിയും തീയുമെല്ലാം നിറഞ്ഞ സംഘട്ടന രംഗങ്ങൾ.
അവരുടെ സഹായമില്ലാതെ അതൊന്നും എനിക്ക് ചെയ്യുവാൻ കഴിയുമായിരുന്നില്ല', സഞ്ജയ് ദത്ത് പറഞ്ഞു.'അധീര എന്ന കഥാപാത്രം ഒരേസമയം ക്രൂരനും അതേപോലെ മനുഷ്യത്വം നിറഞ്ഞവനുമാണ്. ഞാനും യാഷും ഓരോ സീനിലും കൊണ്ടുവന്ന ഊർജത്തിൽ നിന്നാണ് അധീരയെ രൂപപ്പെടുത്തിയത്', അദ്ദേഹം കൂട്ടിച്ചേർത്തു.