പഴയ സഹപ്രവർത്തകയും സുഹൃത്തുമായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കണ്ടതിന്റെ സന്തോഷത്തിലാണ് നടി ശ്വേത മേനോൻ. കേന്ദ്ര മന്ത്രിയെ കണ്ടതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പ് തങ്ങൾ ഒന്നിച്ച് തുടങ്ങിയതാണ് മോഡലിംഗ് എന്നും അവർക്ക് പക്ഷേ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ശ്വേത മേനോൻ കുറിച്ചു.
പണ്ടത്തെ പോലെ തന്നെ സൗമ്യശീലയാണ് കേന്ദ്ര മന്ത്രി. നമ്മുടെ വിശ്വസ്ഥരായ നേതാക്കളിൽ ഒരാൾക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ശ്വേത മേനോൻ പറഞ്ഞു. മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ ശേഷമാണ് സ്മൃതി ഇറാനി രാഷ്‌ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. സ്മൃതി ഇറാനിയുമായുള്ള സൗഹൃദത്തെപ്പറ്റി നേരത്തെയും ശ്വേത മേനോൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ഒരിക്കൽ എയർപോർട്ടിൽ വെച്ച് സ്മൃതി ഇറാനിയെ കണ്ടെന്നും പരിസരബോധം മറന്ന് ഉറക്കെ വിളിച്ചെന്നും താരം പറഞ്ഞിരുന്നു. പെട്ടെന്ന് അവർക്ക് ചുറ്റുമുണ്ടായിരുന്ന ചിലർ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് മനസിലായത്. അവരിന്ന് തന്റെ പഴയ സഹപ്രവർത്തകയല്ല, കേന്ദ്രമന്ത്രിയാണ് സ്മൃതി ഇറാനി.