ബോളിവുഡ് ഗാനങ്ങളും റീമിക്സ് സോങ്ങുകളും ലോക ശ്രദ്ധ നേടാറുണ്ട്. 2021-ൽ പുറത്തിറങ്ങിയ സൂര്യവംശി എന്ന ചിത്രത്തിനായി അടുത്തിടെ റീമേക്ക് ചെയ്ത ‘ടിപ്പ് ടിപ്പ് ബർസ പാനി’ എന്ന ഗാനം വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോൾ ഇതാ ഈ പാട്ടിന് ചുവടുവെച്ച് വൈറലായിരിക്കുകയാണ് ഒരു കൂട്ടം ഫ്രഞ്ച് നർത്തകർ.
ഫ്രഞ്ച് നർത്തകൻ ജിക്കയും സംഘവുമാണ് ഗാനത്തിമൊപ്പം ചുവടുവെയ്ക്കുന്നത്. ഫ്രാൻസിലെ ഇവന്റ് വേദിയായ അരീന ഫ്യൂച്ചൂറോസ്‌കോപ്പിലായിരുന്നു സംഘത്തിൻ്റെ പ്രകടനം. “ടിപ്പ് ടിപ്പ് വൈബുകൾ” എന്ന ക്യാപ്ഷനോടെ ജിക്ക തന്നെയാണ് തൻ്റെ അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്തത്. അനായാസമായ നൃത്തച്ചുവടുകൾ ഇതിനോടകം നിരവധി പേരുടെ മനം കീഴടക്കി കഴിഞ്ഞു.
നേരത്തെയും ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയുന്ന വിഡിയോകൾ ജിക്ക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ദിൽ ദൂബ” എന്ന പാട്ടിനൊപ്പം നൃത്തം ചെയുന്ന ജിക്കയുടെ വിഡിയോ വൈറലായിരുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ‘സൂര്യവംശി’ ആഭ്യന്തരമായും അന്തർദേശീയമായും വൻ ഹിറ്റായി മാറി. കത്രീന കൈഫും അക്ഷയ് കുമാറുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.