പ്രശാന്ത് നീൽ കൊളുത്തിവിട്ട കെജിഎഫ് 2 എന്ന കാട്ടുതീ ആളി പടരുകയാണ്. കണ്ടവർ പറയുന്നു ‘എന്തുവന്നാലും സിനിമ തിയേറ്ററിൽ തന്നെ കാണണം, കാരണം അത്രയ്ക്കുണ്ട് ആവേശവും ആരവവും’. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ സിനിമയുടെ റിലീസ് ആഘോഷിക്കാൻ ആരാധകർ വൻതോതിൽ തിയേറ്ററുകളിലേക്ക് ഒഴുകുകയാണ്.
ഇനി ആഘോഷങ്ങൾക്ക് മാറ്റ് കൂടും എന്ന സൂചനയാണ് പുറത്ത് വരുന്നത്. ചാപ്റ്റർ 2 വിൻ്റെ ക്ലൈമാക്സിൽ റോക്കി ഭയുടെ മൂന്നാം വരവിന്റെ സൂചനകൾ നൽകുന്നുണ്ട്. ഇതിനിടെ കെജിഎഫ് 3യുടെ ചില ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പ്രതീക്ഷകളുടെ കൊടുമുടിയേറിയായിരുന്നു റോക്കിയുടെ രണ്ടാം വരവ് നൽകുന്ന ആവേശം തുടങ്ങിയിട്ടേയുള്ളു എന്ന് കൂടി ഓർക്കണം. മൂന്നാം ഭാഗത്തിൻ്റെ വാർത്തകൾ കൂടി എത്തിയതോടെ ആരാധക ആവേശം അണപൊട്ടുകയാണ്.
ഒന്നാം ഭാഗത്തോട് കട്ടയ്ക്ക് നിൽക്കുന്ന അതിനേക്കാൾ മുകളിൽ നിൽക്കുന്ന രണ്ടാം ഭാഗമാണ് നീൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്. റോക്കിക്ക് നിറഞ്ഞാടാനുള്ള മാസ് കൂട്ടാണ് കെജിഎഫ് ചാപ്റ്റര് 2. ‘നിങ്ങൾക്കൊരു ഉപദേശം തരാം, ഒരു കാലത്തും അയാളെ എതിർത്തുനിൽക്കരുത്’ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ട്രെയിലറിലെ ഈ വാചകം അക്ഷരാർഥത്തിൽ ഒരു മുന്നറിയിപ്പായിരുന്നു. ആദ്യഭാഗത്തിന്റെ അവസാനം പറയുംപോലെ യഥാർഥ കഥ രണ്ടാം ഭാഗത്തിലാണ് ആരംഭിക്കുന്നത്.
ഏപ്രിൽ 13 – ബീസ്റ്റ് കണ്ടിറങ്ങിയ ഫാൻസിനുൾപ്പെടെ പലർക്കും നിരാശ മാത്രമായിരുന്നു ഫലം. ട്രെയിലറിൽ കണ്ട രോമാഞ്ചം നിമിഷങ്ങളൊന്നും തന്നെ തിയേറ്ററിൽ നനഞ്ഞ പടക്കമായി മാറി. ഏപ്രിൽ 14 – എല്ലാം മറന്ന് റോക്കിയെ മാത്രം ഓർത്ത് ടിക്കറ്റുമെടുത്ത് സിനിമ ഹാളിനുള്ളിലേക്ക് കയറി. പടം തുടങ്ങുന്നതുമുതൽ രോമാഞ്ചം. ആദ്യ ഭാഗത്തിൽ റോക്കി ഒറു തീപ്പൊരിയായിരുന്നു. ആ തീപ്പൊരി രണ്ടാം ഭാഗമെത്തുമ്പോഴേക്കും തീയായി കാട്ടുതീയായി കത്തിക്കയറി എതിരാളികളെയാകെ ചൂട്ടുവെണ്ണീറാക്കുന്ന കാഴ്ചയാണ് കാണാനാകുക.