പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. കാജല്‍ അഗര്‍വാളിനും ഗൗതം കിച്‍ലു ദമ്പതികള്‍ക്കും ആണ്‍കുഞ്ഞ് ജനിച്ചെന്ന് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി കാജല്‍ അഗര്‍വാളിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായാണ് സിനിമാ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. വിവാഹ ശേഷവും കാജല്‍ അഗര്‍വാള്‍ അഭിനയത്തില്‍ സജീവമാണ്. ചിരഞ്‍ജീവി നായകനാകുന്ന ചിത്രം 'ആചാര്യ'യാണ് കാജല്‍ അഗര്‍വാളിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.
ദുല്‍ഖര്‍ നായകനായ ചിത്രം 'ഹേയ് സിനാമിക'യാണ് കാജല്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിരഞ്‍ജൻ റെഡ്ഡി ആണ് ചിത്രം നിര്‍മിക്കുന്നത്. 'ആചാര്യ' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിരഞ്‍ജീവി എത്തുന്നത്. കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ നായികയായിട്ട് തന്നെയാണ് എത്തുന്നത്. വിവാഹ ശേഷമായിരുന്നു ചിത്രത്തില്‍ കാജല്‍ അഭിനയിച്ചത്.
കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്‍ജീവിയുടെ മകൻ രാം ചരണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. 'ആചാര്യ' എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം തിരു ആണ്. ആനന്ദ് ശ്രീറാം ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. 'ആചാര്യ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശര്‍മയുമാണ്.
രാം ചരണിന്റെ ജോഡിയായി ചിത്രത്തില്‍ പൂജ ഹെഡ്‍ഡെ അഭിനയിക്കുന്നു. സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും 'ആചാര്യ'യില്‍ അഭിനയിക്കുന്നു.