ചുറ്റും കെജിഎഫ് തരംഗമാണ്. കെജിഎഫ് ഡയലോഗുകൾ, കഥാപാത്രങ്ങൾ എങ്ങും കെജിഎഫ് മയം. കൊവിഡ് കാലത്തിന് ശേഷം ഇത്രമേൽ ആഘോഷമാക്കിയ മറ്റൊരു പടം ഉണ്ടോ എന്നത് സംശയം തന്നെയാണ്. ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ ഭേദിച്ചാണ് കെജിഎഫ് പടം മുന്നോട്ട് പോകുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കന്നഡ ചിത്രമായ കെജി.എഫ് ചാപ്റ്റര്‍ 2 ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വന്തമാക്കിയത് 700 കോടിയാണ്. റോക്കി ഭായിയും കൂട്ടരും ആളുകൾക്കിടയിൽ കയ്യടികൾ വാരിക്കൂട്ടുകയാണ്.
ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകര്‍ത്താണ് കെജിഎഫ് 2 മുന്നേറുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് കെജിഎഫ് ഉള്ളത്. ഇന്ത്യൻ സിനിമ വ്യവസായത്തിന്റെ കേന്ദ്ര ഭാഗത്തേക്ക് കന്നഡ സിനിമയെ എത്തിച്ചിരിക്കുകയാണ് കെജിഎഫ്.
ആദ്യ ഭാഗം ഇറങ്ങി ആരാധകരുടെ മൂന്ന് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കെജിഎഫിന്റെ രണ്ടാം ഭാഗം തിയേറ്ററിൽ എത്തുന്നത്. പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയും പ്രതീക്ഷയും ഹൈപ്പും ലഭിച്ച സിനിമ കൂടിയാണിത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രേക്ഷക പ്രതീക്ഷ കെജിഎഫ് തകർത്തു കളഞ്ഞില്ല എന്നുതന്നെ വേണം മനസിലാക്കാൻ.