ഹിന്ദിയില്‍ കുതിപ്പ് തുടര്‍ന്ന് ' റോക്കി ഭായി', റെക്കോര്‍ഡ് നേട്ടത്തില്‍ 'കെജിഎഫ് രണ്ട്'

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമായി മാറിയിരുന്നു കന്നഡയില്‍ നിന്നുള്ള 'കെജിഎഫ്'. യാഷ് നായകനായ ചിത്രം 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്‍ടിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും തീയറ്ററുകളില്‍ ലഭിക്കുന്നത്. 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ഹിന്ദിയിലും കുതിപ്പ് തുടരുകയാണ്.

Advertisment

'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ഹിന്ദി പതിപ്പ് ബോക്സ് ഓഫീസില്‍ കളക്ഷൻ മുന്നൂറ് കോടി കവിഞ്ഞിരിക്കുകയാണ്. 'ബാഹുബലി 2'ന് ശേഷം ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഈയൊരു നേട്ടം സ്വന്തമാക്കുന്നത്. മുന്നൂറ് കോടിയിലധികം കളക്ഷൻ നേടുന്ന പത്താമത്തെ മാത്രം ഹിന്ദി ചിത്രമായി മാറുകയും ചെയ്‍തു 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്'.

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യാഷ് നായകനായ 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' റിലീസ് ചെയ്‍ത രണ്ടാമത്തെയാഴ്‍ചയിലേക്ക് എത്തിയപ്പോഴും മിക്ക തിയറ്ററുകളിലും ഹൗസ് ഫുള്ളോടെയാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ 'കെജിഎഫ് 2'ന്‍റെ പേരിലാണ്.

മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം 'ഒടിയ'ന്‍റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്‍തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് 'കെജിഎഫ് 2' ആദ്യദിനം നേടിയത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്‍ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നത്.

വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.

'കെജിഎഫ്' എന്ന ചിത്രത്തിനായി സംഭാഷണങ്ങള്‍ എഴുതി എന്നത് പൂര്‍ണമായ അര്‍ഥത്തില്‍ ശരിയല്ലെന്ന് യാഷ് മനോരമയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സംവിധായകൻ അങ്ങനെ ഒരു ക്രഡിറ്റ് തന്നന്നേയുള്ളൂ. ഒട്ടേറെ ആശയങ്ങളും ചിത്രത്തിന്റെ കഥാ ഭാഗങ്ങളും സംഭാഷണങ്ങളും കൂട്ടായി ചര്‍ച്ച് ചെയ്‍തു. സംഭാഷണങ്ങള്‍ എഴുതുകയും അത് മാറ്റി എഴുതുകയും തിരുത്തുകയും ചെയ്‍തു.

അവസാനം തിരക്കഥയില്‍ താൻ നിര്‍ദ്ദേശിച്ച ചില സംഭാഷണങ്ങള്‍ ഉള്‍പ്പെട്ടു എന്നേയുള്ളൂവെന്നും യാഷ് പറഞ്ഞിരുന്നു. മലയാളത്തിലേക്ക് 'കെജിഎഫ്' ചിത്രം ഡബ്ബ് ചെയ്‍തതിന്റെ കഠിനാദ്ധ്വാനത്തിന് പൃഥ്വിരാജിനും ശങ്കര്‍ രാമകൃഷ്‍ണനോടും താൻ നന്ദി പറയുന്നതായും യാഷ് വ്യക്തമാക്കിയിരുന്നു.

'കെജിഎഫ് ചാപ്റ്റര്‍ 2' ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്‍തിരുന്നു. ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആണ് ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തി എന്നതും പ്രത്യേകതയാണ്. 13നായിരുന്നു ഐമാക്സ് റിലീസ്.

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്‍ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment