'കശ്‍മീര്‍ ഫയല്‍സ്' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സ് ഒടിടി റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 11 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട സിനിമയാണിത്. രണ്ട് മാസത്തിനു ശേഷമാണ് ഒടിടി റിലീസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ മെയ് 13 ന് ആണ് ചിത്രം എത്തുക.

Advertisment

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം ബോളിവുഡ് ബോക്സ് ഓഫീസിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ് ആണ്. 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം.

രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയും വര്‍ധിച്ചിരുന്നു. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ, ആമിര്‍ ഖാന്‍ നായകനായ ദംഗലിനെ എട്ടാം ദിന കളക്ഷനില്‍ മറികടക്കുകയും ചെയ്‍തിരുന്നു ചിത്രം. ദംഗലിന്‍റെ എട്ടാംദിന കളക്ഷന്‍ 18.59 കോടി ആയിരുന്നെങ്കില്‍ കശ്‍മീര്‍ ഫയല്‍സ് ഇതേ ദിനത്തില്‍ നേടിയിരിക്കുന്നത് 19.15 കോടി ആയിരുന്നു.

Advertisment