നിമിഷ സജയൻ – സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ചിത്രത്തിലെ നിമിഷയുടെ അഭിനയത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ‘ദി കശ്മീർ ഫയൽസ്’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് വിവേക്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനെയും നിമിഷയുടെ പ്രകടനത്തെയും പുകഴ്ത്തുകയാണ് വിവേക്. നിമിഷ അസാധ്യമായി ചെയ്തുവെന്നും, നല്ല കഴിവുള്ള നടിയാണെന്നും വിവേക് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
‘മലയാള സിനിമകൾ കാണാറുണ്ട്. മാലിക് കണ്ടു. പക്ഷെ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആണ്. ആ സിനിമ അടിപൊളിയാണ്. മറക്കാൻ പറ്റില്ല. നിമിഷ മനോഹരമായിരുന്നു. അസാധ്യമായി ചെയ്തു. കേരളത്തിൽ നിന്നുള്ളവർ എനിക്ക് ഇത്രയും സ്നേഹം തരുമെന്ന് ആര് കരുതി? എന്റെ അടുത്ത ചിത്രം ചിലപ്പോൾ മലയാളികളെ സർപ്രൈസ് ചെയ്യിക്കുന്നതാകും’, വിവേക് അഗ്നിഹോത്രി പറഞ്ഞു.
അതേസമയം, വിവേക് സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മെയ് 13 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലെത്തും. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം, തിയേറ്ററുകളിൽ വമ്പൻ ഹിറ്റ് ആയിരുന്നു. ഇതുപോലൊരു കഥ തിരഞ്ഞെടുത്ത സംവിധായകനെ വിമർശിച്ചും, പുകഴ്ത്തിയും സിനിമാ നിരൂപകർ രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 11 ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം, 350 കോടിയാണ് ലോകവ്യാപകമായി നേടിയത്.