തമിഴില്‍ വൈവിധ്യം കൊണ്ട് ശ്രദ്ധ നേടിയ സംവിധായകരില്‍ പ്രധാനപ്പെട്ട സാന്നിധ്യമാണ് മിഷ്കിന്‍. ചിത്രങ്ങളില്‍ തന്‍റേതായ സവിശേഷ ശൈലി കൊണ്ടുവന്ന അദ്ദേഹത്തിന് ആരാധകരുടെ വലിയൊരു നിരയുമുണ്ട്. ഇപ്പോഴിതാ മിഷ്കിന്‍റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.
2014ല്‍ താന്‍ സംവിധാനം ചെയ്‍ത പിശാചിന്‍റെ രണ്ടാംഭാഗമായ പിശാച് 2 ആണ് അത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ടൈറ്റില്‍ റോളില്‍ ആൻഡ്രിയ ജെറമിയ എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി അതിഥിതാരമായി എത്തുന്നു. പൂര്‍ണ്ണയും സന്തോഷ് പ്രതാപും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീതം കാര്‍ത്തിക് രാജയാണ്.
ഡിണ്ടിഗുളിലെ വനപ്രദേശത്തായിരുന്നു സിനിമയുടെ ചിത്രീകരണം. ഒരു വര്‍ഷത്തിലേറെയായി നിര്‍മ്മാണഘട്ടത്തിലുള്ള ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ടീസര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഭാഷകളിലൊക്കെ ചിത്രവും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൈക്കോയ്ക്കു ശേഷം എത്തുന്ന മിഷ്കിന്‍ ചിത്രമാണിത്.