മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ 'മണിച്ചിത്രത്താഴ്' പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 'ഭൂല്‍ ഭൂലയ്യ' എന്ന പേരില്‍ ഹിന്ദിയിലേക്ക് എത്തിയിരുന്നു. 'ഭൂല്‍ ഭൂലയ്യ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് ആര്യൻ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്കിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
'ഭൂല്‍ ഭൂലയ്യ' എന്ന ചിത്രത്തിലെ പ്രേത കഥാപാത്രമായ 'മഞ്‍ജുലിക' തന്നെ രണ്ടാം ഭാഗത്തിലും എത്തുന്നു. തബു കിയാര അദ്വാനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെയ് 20ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. മലയാളത്തിലെ 'നാഗവല്ലി' എന്ന കഥാപാത്രത്തിന് സമാനമായി ഹിന്ദിയില്‍ അവതരിപ്പിക്കുന്ന 'മഞ്‍ജുളി'കയായി കിയാര അദ്വാനി അഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് മെയ് രണ്ടിന് പുറത്തുവിടും.
ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഗൗതം ശര്‍മയാണ് ചിത്രം വിതരണം ചെയ്യുന്നത്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍ക് എന്നിവരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
'ഭൂല്‍ ഭൂലയ്യ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2020 ജൂലൈ 31 ന് റിലീസ് തീരുമാനിച്ചതായിരുന്നു. കൊവിഡ് അടക്കമുള്ള കാരണങ്ങളെ തുടര്‍ന്നാണ് ചിത്രം വൈകിയത്. എന്തായാലും തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യണമെന്നായിരുന്നു തീരുമാനം. 'മണിച്ചിത്രത്താഴ്' വീണ്ടും തുറക്കുമ്പോള്‍ എന്തെല്ലാം ആയിരിക്കും എന്ന് കാത്തിരുന്ന് കാണാം.