ഇന്ത്യൻ സിനിമയുടെ ബി​ഗ്ബിയാണ് അമിതാഭ് ബച്ചൻ. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന താരം. ബി​ഗ് സ്ക്രീനിൽ കാലങ്ങൾ പിന്നിട്ട താരം സോഷ്യൽ മീഡിയയിലെ ട്രോളുകൾക്ക് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം ബച്ചൻ പങ്കുവച്ച ​ഗുഡ്മോണിം​ഗ് പോസ്റ്റാണ് പ്രതികരണത്തിന് കാരണം.
കഴിഞ്ഞ ദിവസം വൈകിയായിരുന്നു അമിതാഭ് ബച്ചൻ ​ഗുഡ് മോണിം​ഗ് ആശംസിച്ചത്. പിന്നാലെ ചിലർ ട്രോളുകളുമായി പോസ്റ്റിന് താഴെ എത്തി. പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും നന്ദി പറയുന്നു എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണ് എന്നും അതിനാലാണ് ആശംസ വൈകിയതെന്നുമാണ് ഒരാൾക്ക് താരം നൽകിയ മറുപടി.
'വൃദ്ധനേ, ഉച്ചയായി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാമെന്നായിരുന്നു അമിതാഭ് ബച്ചൻ നൽകിയ മറുപടി. നിരവധി പേരാണ് താരത്തിന്റെ മറുപടികളെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയത്.
https://www.facebook.com/amitabhbachchan/posts/568542584639472