'പൃഥ്വിരാജ് സാറിന് നന്ദി'; നെറ്റ്ഫ്ലിക്സ് റിലീസിലും ജന ഗണ മനയ്ക്ക് മികച്ച പ്രതികരണം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‍ത ജന ഗണ മനയ്ക്ക് നെറ്റ്ഫ്ലിക്സ് റിലീസിലും മികച്ച പ്രതികരണം. രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രം തിയറ്റര്‍ റിലീസ് സമയത്ത് മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ ചിത്രമാണ്.

സബ് ടൈറ്റിലോടെ നെറ്റ്ഫ്ലിക്സില്‍ എത്തിയപ്പോള്‍ മലയാളികളല്ലാത്ത വലിയൊരു വിഭാഗം പ്രേക്ഷകരിലേക്കും ചിത്രം എത്തിയിരിക്കുകയാണ്. മികച്ച നിരൂപണങ്ങളാണ് ചിത്രത്തിന് ട്വിറ്ററില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് 10 ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ചിത്രം. നേരത്തെ അത് ഒന്നാമതായിരുന്നു.

ചിത്രത്തിലെ പൃഥ്വിരാജിന്‍റെ പ്രകടനത്തെയും തിരക്കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തുന്ന നിഷ്കര്‍ഷയെയുമൊക്കെ ചിലര്‍ അഭിനന്ദിക്കുമ്പോള്‍ ചിത്രം നടത്തുന്ന രാഷ്ട്രീയ വിമര്‍ശനത്തിനാണ് മറ്റു ചിലര്‍ കൈയടിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് ചിത്രത്തിലെ ഒരു രംഗം ട്വീറ്റ് ചെയ്‍തുകൊണ്ട് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തിയ ചിത്രമാണിത്. ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രം 26 ദിവസങ്ങളില്‍ 50 കോടിയാണ് നേടിയത്. ഷാരിസ് മുഹമ്മദിന്‍റേതാണ് ചിത്രത്തിന്‍റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Advertisment