'ഗര്‍ഭാകാലമെന്നത് ചിലപ്പോഴെങ്കിലും അത്ര മനോഹരമായതല്ല'; ഫോട്ടോ പങ്കുവച്ച് സോനം കപൂര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഗര്‍ഭകാലമെന്നാല്‍ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ നിമിഷമാണ്. ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെയാണ് ഈ ഘട്ടത്തിൽ സ്ത്രീകള്‍ കടന്നുപോകുന്നത്. വളരെയധികം കരുതലും സ്നേഹവും സ്ത്രീക്ക് ആവശ്യമായ സമയം കൂടിയാണിത്.

ഗര്‍ഭകാലത്ത് മാത്രം സ്ത്രീകള്‍ നേരിടുന്ന അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. പലര്‍ക്കും ഇത് മാനസികമായ വിഷമതയുമുണ്ടാക്കാറുണ്ട്. ഇത്രയും അനുഭവിച്ചാണ് ഓരോ സ്ത്രീയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. എന്തായാലും ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ഓര്‍മ്മിപ്പിക്കുകയാണ് ബോളിവുഡ് താരം സോനം കപൂര്‍. അമ്മയാകാൻ ഒരുങ്ങുന്ന സോനം ഇൻസ്റ്റ സ്റ്റോറിയായാണ് ഈ ഫോട്ടോ പങ്കുവച്ചത്.

എത്ര സൗകര്യങ്ങളുണ്ടെങ്കിലും ഗര്‍ഭകാലമെന്നത് അത്ര സുഖകരമായി കടന്നുപോരാൻ എല്ലാവര്‍ക്കും കഴിയില്ല. ആദ്യമേ സൂചിപ്പിച്ചത് പോലെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ അനുകൂലവും പ്രതികൂലവും ആകാമല്ലോ.

രണ്ട് കാലുകളിലും നീര് വന്ന് നിറഞ്ഞ ഫോട്ടോയാണ് സോനം പങ്കുവച്ചത്. നീരുള്ളതിനാല്‍ വിശ്രമത്തിലാണ് താരമെന്നാണ് സൂചന. ഗര്‍ഭാകലമെന്നത് ചിലപ്പോഴെങ്കിലും അത്ര മനോഹരമായതല്ല എന്ന അടിക്കുറിപ്പോടെയാണ് സോനം ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ഗര്‍ഭിണികളുടെ കാലുകളില്‍ നീര് വരുന്നത് സാധാരണം തന്നെയാണ്. എങ്കിലും നീരുള്ളപ്പോള്‍ അത് ഡോക്ടറെ അറിയിക്കുന്നതാണ് ഉചിതം. ആവശ്യമെങ്കില്‍ ഡോക്ടറെ കാണിച്ച് നിര്‍ദേശങ്ങള്‍ തേടാവുന്നതാണ്. ചിലര്‍ക്ക് ഈ ഘട്ടത്തില്‍ വിശ്രമം പറയാറുണ്ട്. നടക്കാനും മറ്റ് കാര്യങ്ങള്‍ക്കും ഈ സമയത്ത് ബുദ്ധിമുട്ട് തോന്നുന്നതും സ്വാഭാവികമാണ്.

സോനത്തിനെ സംബന്ധിച്ച് പ്രസവം അടുത്തിരിക്കുന്ന സമയമാണിത്. മാര്‍ച്ചിലാണ് സോനം താൻ അമ്മയാകാൻ പോകുന്നുവെന്ന വാര്‍ത്ത ഏവരുമായി പങ്കുവച്ചത്. 2018ലാണ് സോനത്തിന്‍റെയും വ്യവസായിയായ ആനന്ദ് അഹൂജയുടെയും വിവാഹം കഴിയുന്നത്.

ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചതിന് ശേഷം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും സോനം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. പൊതുവേ ആരോഗ്യകരമായ ഡയറ്റും വ്യായാമവുമെല്ലാമായി ഗര്‍ഭകാലം സജീവമായി ചെലവഴിച്ച താരം കൂടിയാണ് സോനം.

Advertisment