കേരളത്തിൽ നിന്ന് മതം മാറി ഐഎസിലേക്ക് പോയത് 32000 യുവതികളെന്ന് സ്ഥാപിക്കുന്ന ‘ദ് കേരള സ്‌റ്റോറി’ സൈബർ ലോകത്ത് ചർച്ചയാകുന്നു

New Update

publive-image

‘ദ് കേരള സ്‌റ്റോറി’ എന്ന സിനിമയുടെ ടീസർ സൈബർ ലോകത്ത് ചർച്ചയാകുന്നു. സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന സിനിമ പ്രമേയമാക്കിയിരിക്കുന്നത് ഐഎസിൽ പ്രവർത്തിക്കാൻ കേരളത്തിലെ പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്ന വിഷയമാണ്. ബോളിവുഡ് താരം അദാ ശർമ അവതരിപ്പിക്കുന്ന കഥാപാത്രം താൻ ഒരു ഹിന്ദു യുവതിയാണെന്നും തന്നെ നിർബന്ധിച്ച് മതം മാറ്റി ഐഎസ് തീവ്രവാദിയാക്കി മാറ്റിയെന്നും പറയുന്ന ടീസർ പുറത്തു വന്നതിന് പിന്നാലെയാണ് സൈബർ ലോകത്ത് ചർച്ചകൾ ചൂടുപിടിച്ചത്.

Advertisment

ഏഴ് മാസങ്ങൾക്ക് മുമ്പാണ് സിനിമയുടെ അനൗൺസ്‌മെന്റ് ടീസർ പുറത്തിറങ്ങിയത്. ഇതിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പഴയ വാർത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിന് തെളിവായി അണിയറ പ്രവർത്തകർ കാണിക്കുന്നത്. 2010 ജൂലൈ 24ന് നടത്തിയ വാർത്താസമ്മേളനത്തിന്റെ ഭാഗമാണ് ഇതിലുള്ളത്.

പോപുലർ ഫ്രണ്ട് കേരളത്തെ മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും 20 വർഷം കൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാനാണ് അവർ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വി.എസ് ഈ വാർത്താസമ്മേളനത്തിൽ പറയുന്നുണ്ട്. ഹിന്ദി സിനിമാ താരം അദാ ശർമ ആണ് ഹിജാബ് ധരിച്ച് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. തനിക്കൊരു നഴ്‌സായി മനുഷ്യർക്ക് സേവനം ചെയ്യാനായിരുന്നു ആഗ്രഹമെന്നും പക്ഷേ താൻ ഇപ്പോൾ ഒരു തീവ്രവാദിയാണെന്നും അഫ്ഗാനിസ്ഥാനിൽ തടവിലാണെന്നുമാണ് അവർ പറയുന്നത്.

കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയം തകർക്കുന്ന കഥയെന്ന ക്യാപ്ഷനോടെയാണ് അദാ ശർമ ടീസർ ട്വിറ്ററിൽ പങ്കുവെച്ചത്. തന്നെപ്പോലെ 32,000 സ്ത്രീകൾ ഇത്തരത്തിൽ കേരളത്തിൽ നിന്നും തീവ്രവാദത്തിലേക്കെത്തി ചേർന്നിട്ടുണ്ടെന്നും അദാ ശർമ അവതരിപ്പിക്കുന്ന കഥാപാത്രം ടീസറിൽ പറയുന്നുണ്ട്.

എന്നാൽ, ട്വിറ്ററിൽ ഇത് സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങളാണ് ഇപ്പോൾ ചൂടു പിടിയ്ക്കുന്നത്. 32000 പേരെന്ന കണക്കിനെച്ചൊല്ലിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ചിലർ 32,000 പേരെന്ന് കണക്ക് ഉയർത്തിക്കാണിച്ച് കേരളത്തെ കുറ്റപ്പെടുത്തുമ്പോൾ മറ്റ് ചിലർ അത് പെരുപ്പിച്ച് മാത്രം കാണിക്കുകയാണെന്ന് അഭിപ്രായപ്പെടുന്നു. വിവേക് അഗ്‌നിഹോത്രി, വിപുൽ അമൃത്‌ലാൽ ഷാ എന്നിവരെപ്പോലുള്ള സംവിധായകരാണ് ബോളിവുഡിന് വേണ്ടതെന്നും സോഷ്യൽമീഡിയ പറയുന്നു.

Advertisment