രാജമൗലിയുടെ ഭ്രഹ്മാണ്ഡ ചിത്രം ആർആർആർ അഥവാ റൈസ് റോർ റിവോൾട്ട് തീയറ്ററിൽ എത്തിയതിന്റെ ആവേശത്തിലാണ് തെന്നിന്ത്യൻ ആരാധകർ. എന്ത് വില കൊടുത്തും ടിക്കറ്റ് സ്വന്തമാക്കണമെന്നാണ് രാജമൗലി ഫാൻസിന്റെ പ്രതികരണം. ‘എന്ത് വില കൊടുത്തും’ എന്ന് പറഞ്ഞാൽ ‘എത്ര വില’ വരെ കൊടുക്കാൻ സാധിക്കും ഒരു സിനിമാ ടിക്കറ്റിന് ? 2100 രൂപയ്ക്കാണ് ആർആർആറിന്റെ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.
ഡൽഹിയിലെ പിവിആറിലാണ് ഈ റെക്കോർഡ് വിലയ്ക്ക് ആർആർആർ സിനിമാ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. ഏറ്റവും കൂടിയത് 360 രൂപയാണ് പിവിആറിലെ ഒരു ടിക്കറ്റിന്. ഈ വിലയിൽ നിന്ന് ഇരട്ടിയിലധികം രൂപ മുടക്കിയാണ് ഡൽഹി സ്വദേശിയായ വ്യക്തി ആർആർആറിന്റെ ടിക്കറ്റ് സ്വന്തമാക്കിയത്. മുംബൈയിലും വലിയ തുകയ്ക്കാണ് സിനിമയുടെ ടിക്കറ്റ് വിൽപന നടക്കുന്നതെന്നാണ് റിപ്പോർട്ട്.
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘രൗദ്രം രണം രുധിരം’ എന്ന ആർആർആർ. ജൂനിയർ എൻടിആർ, രാംചരൺ എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ആർആർആറിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, അലിസൺ ഡൂഡി, ഒലിവിയ മോറിസ്, റേയ് സ്റ്റീവെൻസൺ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 1920ൽ ജീവിച്ചിരുന്ന സ്വാതന്ത്ര്യ സമരസേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതകഥയാണ് ആർആർആർ.