മലയാള സിനിമ

രണ്ടു സഹോദരങ്ങൾ ആണ് ഏതാനും ദിവസങ്ങളുടെ ഇടയിൽ വിട്ടു പിരിഞ്ഞത്; അന്തരിച്ച രമേശ് വലിയശാലയെയും റിസബാവയെയും ഓർത്ത് നടൻ കൃഷ്ണകുമാർ

ഫിലിം ഡസ്ക്
Tuesday, September 14, 2021

അന്തരിച്ച രമേശ് വലിയശാലയെയും റിസബാവയെയും ഓർത്ത് നടൻ കൃഷ്ണകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണകുമാർ ഇരുവരെയും കുറിച്ചുള്ള ഓർമ പങ്കുവച്ചിരിക്കുന്നത്. ശനിയാഴ്ച ആയിരുന്നു രമേശിന്റെ വിയോ​ഗം. പിന്നാലെ ഇന്നലെ റിസബാവയും വിട പറഞ്ഞിരുന്നു.

രണ്ടു സഹോദരങ്ങൾ ആണ് ഏതാനും ദിവസങ്ങളുടെ ഇടയിൽ വിട്ടു പിരിഞ്ഞത്. രമേഷിനെ അവസാനമായി കണ്ടത് ഇലക്ഷൻ പ്രചാരണത്തിനിടക്ക് രമേഷിന്റെ വീട്ടിൽ വോട്ട് ചോദിച്ചു പോയപ്പോഴാണെന്നും കൃഷ്ണകുമാർ ഓർക്കുന്നു.

കൃഷ്ണകുമാറിന്റെ വാക്കുകൾ

രണ്ടു സഹോദരങ്ങൾ ആണ് ഏതാനും ദിവസങ്ങളുടെ ഇടയിൽ വിട്ടു പിരിഞ്ഞത്.നല്ല രണ്ടു കലാകാരന്മാർ.. രമേഷും, റിസബാവയും… ഞങ്ങൾക്ക് ഒരുമിച്ചു അഭിനയിക്കാൻ അവസരം കിട്ടിയത് “വസുന്ദര മെഡിക്കൽസ്” എന്ന സീരിയലിൽ ആയിരുന്നു. തമ്മിൽ വലിയ പ്രായ വ്യത്യാസമില്ലായിരുന്നു. എങ്കിലും എന്റെ അച്ഛനായിട്ടായിരുന്നു റിസബാവ വേഷമിട്ടിരുന്നത് . രമേഷ് , മെഡിക്കൽസിലെ ഒരു സീനിയർ സ്റ്റാഫായിട്ടും. ഒന്നര വർഷം ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാൽ നല്ല സൗഹൃദമായിരുന്നു..റിസബാവയുമായി പിന്നീട് ധാരാളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. രമേഷിനെ അവസാനമായി കണ്ടത് ഇലക്ഷൻ പ്രചാരണത്തിനിടക്ക് രമേഷിന്റെ വീട്ടിൽ വോട്ട് ചോദിച്ചു പോയപ്പോൾ…രണ്ടു പേരെയും ഇഷ്ടമായിരുന്നു…അവർ യാത്രയായി…. എങ്ങോട്ടെന്നറിയില്ല..ഓം ശാന്തി..

×