ഇനി വരുന്ന തന്റെ ചിത്രങ്ങൾക്ക് തീയറ്ററിൽ പ്രദർശനം വിലക്കിയാൽ സിനിമ ചെയ്യുന്നത് നിർത്തുമെന്ന് തെന്നിന്ത്യൻ താരം നാനി. ടക് ജ​ഗദീഷ് എന്ന താരത്തിന്റെ ചിത്രം ഒടിടിയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് ഫിലിം എക്സിബിറ്റേഴ്സ് രം​ഗത്തെത്തിയിരുന്നു.
നാനിയുടെ മറ്റു ചിത്രങ്ങൾക്ക് തീയറ്ററിൽ പ്രദർശന വിലക്കേർപ്പെടുത്തുമെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി നാനി എത്തിയത്.
"അവരുടെ അവസ്ഥയിൽ എനിക്ക് സഹതാപമുണ്ട്. അവർ അങ്ങനെ പ്രതികരിക്കുന്നതിൽ തെറ്റില്ല. തീയറ്റർ റിലീസിന് തന്നെയാണ് എന്നും എന്റെ പ്രഥമ പരി​ഗണന. കാര്യങ്ങൾ എല്ലാം സാധാരണ രീതിയിൽ ആയി, സിനിമകൾ തീയറ്ററിൽ പ്രദർശനത്തിന് എത്തി തുടങ്ങുമ്പോൾ എന്റെ വരാനിരിക്കുന്ന സിനിമകളിൽ ഏതെങ്കിലും ഒന്ന് തിയറ്റർ റിലീസ് ഒഴിവാക്കുകയാണെങ്കിൽ, ഞാൻ സിനിമ ചെയ്യുന്നത് നിർത്തും. സിനിമയിൽ നിന്ന് മാറി നിൽക്കും", എന്ന് നാനി വ്യക്തമാക്കി.
അതേസമയം, ടക് ജ​ഗദീഷിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രം സെപ്റ്റംബർ 10ന് ആമസോൺ പ്രൈം വഴിയാണ് റിലീസിനെത്തുക. ഏപ്രിൽ 16ന് തീയറ്റർ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഓടിടിയിൽ പ്രദർശനത്തിനെത്തുന്നത്. ഋതു വർമയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാർ. ജ​ഗപതി ബാബു, നാസർ, രോഹിണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം പ്രസാദാണ്.