ഇന്ത്യന്‍ സിനിമ

ബോളിവുഡ് താരം സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, September 18, 2021

മുംബൈ: പ്രമുഖ ബോളിവുഡ് താരം സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. സോനു സൂദിന്‍റെ മുംബൈയിലെ വസതിയില്‍ മൂന്നു ദിവസം തുടര്‍ച്ചയായി നടന്ന പരിശോധനയ്ക്കു ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം അറിയിച്ചത്.

സോനുവും സഹായികളും ചേർന്ന് നികുതി വെട്ടിച്ചതിന്‍റെ തെളിവുകൾ കണ്ടെത്തിയെന്നും അധികൃതർ പ്രസ്‍താവനയില്‍ അറിയിച്ചു. വ്യാജ കമ്പനികളിൽ നിന്ന് നടന്‍ നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിച്ചതായാണ് ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തല്‍. ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തുവെന്നും അധികൃതര്‍ പറയുന്നു.

തന്‍റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയുടെ പേരില്‍ വിദേശത്തുനിന്ന് 2.1 കോടിയുടെ ഫണ്ട് സ്വരൂപിച്ചെന്നും ഇത് നിയമപരമായല്ലെന്നും ആദായനികുതി വകുപ്പിന്‍റെ പ്രസ്‍താവനയിലുണ്ട്. സോനു സൂദിന്‍റെ മുംബൈയിലെ ഓഫീസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ചും ആദായ നികുതി വകുപ്പ് സോനു സൂദിന്‍റെ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. കൊവിഡ് കാലത്ത് സോനു സൂദ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരിലും നടന്‍ അനധികൃതമായി ധനം സമ്പാദിച്ചുവെന്നാണ് ആദായനികുതി വകുപ്പിന്‍റെ ആരോപണം.

നടന്‍റെ ഉടമസ്ഥതയിലുള്ള സൂദ് ചാരിറ്റി ഫൗണ്ടേഷന് കൊവിഡ് കാലത്ത് 18 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.9 കോടി മാത്രമാണ് ചിലവഴിച്ചതെന്നും ആദായനികുതി വകുപ്പ് പറയുന്നു. ബാക്കി പണം സന്നദ്ധ സംഘടനയുടെ ബാങ്ക് അക്കൗണ്ടില്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്നും.

ദില്ലിയിലെ ആം ആദ്‍മി സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സോനു സൂദ് ഈയിടെ അറിയിച്ചിരുന്നു. സോനു സൂദിന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയുടെ സാംഗത്യത്തെയും സമയത്തെയും ശിവസേനയും ആം ആദ്‍മി പാര്‍ട്ടിയും ചോദ്യം ചെയ്‍തിരുന്നു. എന്നാല്‍ സോനു സൂദിന്‍റെ ആം ആദ്‍മി ബന്ധവുമായി ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്ക്ക് ബന്ധമൊന്നുമില്ലെന്നാണ് ബിജെപിയുടെ പ്രതികരണം.

×