തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയിൽ വിദ്യാര്‍ത്ഥികള്‍ തുടരെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടൻ സൂര്യ. നിസാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്നവർക്കിടയിൽ ധൈര്യമാണ് വേണ്ടതെന്ന് സൂര്യ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം. ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുതെന്നും സൂര്യ പറയുന്നു.
സൂര്യയുടെ വാക്കുകള്‍
ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോള്‍ മനസില്‍ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും. എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല. നിങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വിശ്വാസമുള്ളവരുടെ അടുത്തോ ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമാകാം. കുറച്ച് നേരങ്ങളിൽ മാറുന്ന കാര്യങ്ങളാണ് ഭയവും വേദനയും.
ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്. ഞാന്‍ പരീക്ഷകളില്‍ തോറ്റിട്ടുണ്ട്, മോശമായ മാര്‍ക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളില്‍ ഒരാളപ്പോലെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, നേടാന്‍ കുറേയേറെ കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം.
என் தம்பி தங்கைகளுக்கு…
— Suriya Sivakumar (@Suriya_offl) September 18, 2021
அச்சமில்லை அச்சமில்லை அச்சமென்பதில்லையே… pic.twitter.com/jFOK9qxqyN