സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത സിനിമയാണ് 'ജയ് ഭീം'. കഴിഞ്ഞ ആഴ്ച്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്.
കേരളത്തിലെ രാഷ്ട്രിയ നേതാക്കളും ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മന്ത്രി പി എ മുഹമ്മദ് റിയാസിന് നന്ദി പറയുകയാണ് സൂര്യ. താങ്കള്‍ സിനിമ കണ്ടതില്‍ സന്തോഷമുണ്ടെന്നും സൂര്യ ട്വീറ്റ് ചെയ്തു. 'ശക്തമായ ആഖ്യാനം, ശക്തമായ രാഷ്ട്രീയ പ്രസ്താവന, നന്നായി ചെയ്തു' എന്ന മുഹമ്മദ് റിയാസിന്റെ ട്വീറ്റ് പങ്കുവച്ചാണ് താരം നന്ദി അറിയിച്ചത്.
'സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ 'ജയ് ഭീം' എന്ന സിനിമ. അധികാരത്തിന്റെ നെറികേടുകളോട്, ജാതീയമായ ഉച്ഛനീചത്വങ്ങളോട്, നിയമ വാഴ്ച്ചയുടെ അന്ധതയോട്, കൊടിയ പീഢനമുറകളോട് എല്ലാം, സാധാരണ മനുഷ്യർ നടത്തുന്ന ചെറുത്തു നിൽപ്പുകളെ സൂര്യയുടെ വക്കീൽ ചന്ദ്രുവും, ലിജോ മോൾ ജോസിന്റെ സെൻഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു.
ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും 'ജയ്ഭീം' നീതി പുലർത്തിയിട്ടുണ്ട്. വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട് 'ജയ്ഭീം'..മികച്ച സിനിമ,' എന്ന് മന്ത്രി നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Thank you Sir! Glad you liked our film. https://t.co/idByr0w3Sh
— Suriya Sivakumar (@Suriya_offl) November 17, 2021