മലയാള സിനിമ

ഇം​ഗ്ലീഷ് മ്യൂസിക്ക് ആൽബങ്ങളോട് കിടപിടിച്ച് പേർളി മാണിയുടെ ക്രേസി വേൾഡ്; സകലകലാവല്ലഭയ്ക്ക് ആരാധകരുടെ അഭിനന്ദനപ്രവാഹം

Wednesday, September 15, 2021

അവതാരിക, നടി, ​ഗായിക, ​ഗാനരചയിതാവ്, സംവിധായിക, യുട്യൂബർ അങ്ങനെ എണ്ണിയാൽ തീരാത്ത മേഖലകളിൽ ശോഭിച്ച് നിൽക്കുന്ന താരമാണ് പേർളി മാണി. അവതാരികയായിട്ടായിരുന്നു പേർളിയുടെ രം​ഗപ്രവേശം. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.

ശേഷം ബി​ഗ് ബോസ് മത്സരാർഥിയായി പേർളി എത്തി. ബി​ഗ് ബോസിലൂടെയാണ് യഥാർഥ പേർളിയെ ആരാധകർ അടുത്ത് അറിയുന്നതും എണ്ണമറ്റ ആരാധക വൃന്ദം പേർളിക്ക് ഉണ്ടാകുന്നതും. ബി​ഗ് ബോസിൽ റണ്ണറപ്പായിരുന്നു പേർളി. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രണ്ടാമത്തെ മത്സരാർഥി.

സ്വന്തമായി മ്യൂസിക്ക് ആൽബങ്ങൾ പുറത്തിറക്കാറുള്ള പേർളിയുടെ ഏറ്റവും പുതിയ ആൽബമാണ് ക്രേസി വേൾഡ്. പേർളി തന്നെയാണ് പിന്നണയിൽ പ്രവർത്തിച്ചിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും. യുട്യൂബർ കൂടിയായ പേർളി തന്റെ യുട്യൂബ് ചാനൽ വഴിയാണ് തന്റെ ആൽബങ്ങളും സീരിസുകളും പുറത്തിറക്കാറുള്ളത്.

ക്രേസി വേൾഡ്

ഇം​ഗ്ലീഷ് മ്യൂസിക്ക് ആൽബങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് പേർളി ക്രേസി വേൾഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വരികളും സം​ഗീതവും ദൃശ്യങ്ങളുമെല്ലാം ഇന്റർനാഷണൽ സ്റ്റൈലാക്കിയാണ് ക്രേസി വേൾഡിൽ ചിത്രീകരിച്ചിരിക്കുന്നത്. കുറച്ച് കൗമാരക്കാരായ പെൺക്കുട്ടികളാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് ഇടയ്ക്ക് പേർളിയും ​ഗാനരം​ഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പ്രചോദനവും പോസിറ്റിവിറ്റിയും നൽകുന്നതാണ് ക്രേസി വേൾഡ് എന്ന ​ഗാനമെന്നാണ് വീഡിയോ കണ്ടവർ കമന്റായി കുറിച്ചത്. എട്ട് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ ഇതിനോടകം വീഡിയോ സാമ്പാദിച്ച് കഴിഞ്ഞു. സംവിധാനം, ആലാപനം, ​ഗാനരചന എന്നിവയെല്ലാം പേർളി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

ഗർഭിണിയായിരിക്കുമ്പോൾ താൻ ഈ പാട്ട് ഇടയ്ക്കിടെ മൂളുമായിരുന്നതിനാൽ മകൾ നിലയുടെ പ്രിയപ്പെട്ട സോങായി ക്രേസി വേൾഡ് മാറി കഴി‍ഞ്ഞൂവെന്നും പേർളി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ക്രേസി വേൾഡ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് പാട്ടിനെ കുറിച്ച് ശ്രീനിഷ് അരവിന്ദ് പറഞ്ഞത്. ‘ഇത് പേളിയുടെ മാത്രം പാട്ടാണ്. ഞാനില്ലെങ്കില്‍ നിങ്ങള്‍ക്ക് വിഷമമുണ്ടാവുമെന്നറിയാം.

അടുത്ത പാട്ടില്‍ എന്നെ കൂട്ടുമായിരിക്കും’ ശ്രീനിഷ് പറഞ്ഞു. പേളിയുടെ വരികൾക്ക് സം​ഗീതം നൽകിയത് ജസ്റ്റിനാണ് അദ്ദേഹം തന്നെയാണ് വീഡിയോയ്ക്കായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും. ജസ്റ്റിനും പേളിയും അടിപൊളി കോമ്പോയാണെന്നും ശ്രീനിഷ് പറഞ്ഞുവെക്കുന്നുണ്ട്.

അനിരുദ്ധും ധനുഷും പോലെ എന്നും ശ്രീനിഷ് വിശേഷിപ്പിച്ചു. വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുമ്പോൾ വീഡിയോ ഏറ്റെടുത്തവർക്ക് നന്ദി അറിയിക്കുന്നുണ്ട് പേർളി.

×