Advertisment

കാറിടിച്ച് ജീവൻ അപകടത്തിൽ ആയ ഗർഭിണിയായ 'തക്കു' പൂച്ചയ്ക്ക് രക്ഷകരായി മിനുവും കബീറും. മിണ്ടാപ്രാണിയെപ്പോലും ചേർത്ത് പിടിയ്ക്കുന്ന നന്മവറ്റാത്ത മനസ്സുകൾ സമൂഹത്തിൽ ഉള്ളത് ഈ കാലഘട്ടത്തിൽ ആശ്വാസമാകുന്നു

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

മുളന്തുരുത്തി: മിനു എബ്രഹാമിന്റെ തയ്യൽക്കടയിലേയ്ക്ക് കുറച്ചുനാളുമുമ്പ് എവിടെ നിന്നോ വന്നതായിരുന്നു ഒരു ചക്കിപ്പൂച്ച. മിനുവിന്റെ ഉച്ചഭക്ഷണത്തിൽ നിന്നും ഒരു പങ്ക് മിനു അതിഥിയ്ക്ക് നൽകി ആദരിച്ചു.

വിരുന്നു വന്ന അതിഥി പിന്നെ പോയില്ല. മിനു കൊടുക്കുന്ന ഭക്ഷണവും കഴിച്ച് അവിടെ കൂടിയ അവൾക്ക് തക്കുവെന്ന് മിനി പേരും ഇട്ടു. റെയിൽവേ സ്റ്റേഷൻ റോഡിലെ മീനു ടെയിലേഴ്സിന് എതിർവശത്ത് ആക്രിക്കട നടത്തുന്ന കബീറുമായും കൂട്ടുകൂടിയ തക്കു, കബീറിന്റെ കൈയ്യിൽ നിന്നും ഭക്ഷണം രുചിച്ചു തുടങ്ങിയതോടെ കബീറിന്റെ കടയിലും നിത്യ സന്ദർശകയായി.

രാവിലെ കബീറിന്റെ പെട്ടി ഓട്ടോ വരുമ്പോൾ തക്കു അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാകും. കബീർ വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണവും മീനിന്റെ തലയുമാണ് ലക്ഷ്യം.

മീനുവിന്റെ കടയിൽ വരുന്ന കസ്റ്റമേഴ്സുമായും ചങ്ങാത്തത്തിലായി തക്കു. മിനുവിന്റെ തയ്യൽ മെഷീന്റെ അടുത്ത് മീനു അവൾക്ക് കിടക്കാനായി തുണിവിരിച്ച ഒരു സ്റ്റൂൾ തയ്യാറാക്കി. അതിൽ കയറി എല്ലാം കാണാൻ പാകത്തിൽ കള്ളക്കണ്ണ് പാതി അടച്ച് കിടക്കും. വൈകിട്ട് കട അടച്ച് മീനുവും കബീറും പോകുന്നതുവരെ അവിടെയൊക്കെ കറങ്ങി നടക്കും.

ഇക്കഴിഞ്ഞ ദിവസം കബീറിന്റെ കടയിൽ നിന്നും മീനുവിന്റെ കടയിലേയ്ക്ക് ഗർഭാലസ്യത്തോടെ നടക്കുമ്പോൾ ഒരു കാർ തക്കുവിനെ ഇടിച്ചു തെറിപ്പിച്ചു.

പരിക്കേറ്റു പിടയുന്ന തക്കുവിനെ മിനുവും കബീറും എടുത്ത് വരാന്തയിൽ കിടത്തി. മുഖത്ത് നിന്നും ചോരവാർന്ന് ഒലിയ്ക്കുന്ന തക്കുവിനെ മിനു മുളന്തുരുത്തി മൃഗാശുപത്രിയിൽ എത്തിച്ചു.

publive-image

ഒരുവശത്തെ പല്ല് രണ്ടെണ്ണം ഇളകി, കണ്ണിനു താഴെ നല്ല മുറിവും ഉണ്ടായിരുന്നു. ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ജീവന് ഹാനിയുണ്ടാകുന്ന തരത്തിലുള്ള പരുക്കല്ലന്ന് ഡോക്ടർ പറഞ്ഞു. തക്കുവിനെ വളരെ കാര്യമായി തന്നെ പരിശോധിച്ച് മരുന്നും കൊടുത്തു.

തക്കു ഇപ്പോൾ ഭക്ഷണം കഴിച്ചു തുടങ്ങി. കബീറിന്റെ വീട്ടിൽ നിന്നും മിനുവിന്റെ വീട്ടിൽ നിന്നും പാലും തക്കുവിന് വേണ്ടി കൊണ്ടു വരുന്നുണ്ട്. മരുന്നും ഭക്ഷണവും കൊടുത്ത് ഈ മിണ്ടാപ്രാണിയെ ആരോഗ്യവതിയാക്കി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുകയാണ് നിസ്വാർത്ഥരും സഹജീവി സ്നേഹികളുമായ മിനുവും കബീറും.

തക്കുവിനുണ്ടായ അപകടത്തിൽ സങ്കടപ്പെടുന്ന ഒരു കൂട്ടുകാരൻ കൂടിയുണ്ട് അവൾക്ക്. മക്കു എന്ന് വിളിയ്ക്കുന്ന ഒരു അനാഥനായ പട്ടി. മുളന്തുരുത്തി റെയിൽവേ സ്റ്റേഷൻ മാസ്റററായിരുന്ന കോട്ടയം അയർക്കുന്നം സ്വദേശി സണ്ണി ആയിരുന്നു മക്കുവിന്റെ സംരക്ഷകൻ. റെയിൽവേ സ്റ്റേഷനിൽ ആരോ ഉപേക്ഷിച്ചു പോയ പട്ടിക്കുട്ടിയെ ഭക്ഷണം കൊടുത്തതും റിട്ടയർ ആകുന്നത് വരെ സംരക്ഷിച്ചതും അദ്ദേഹമായിരുന്നു.

publive-image

റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രഭാത സവാരിയ്ക്ക് പോകുന്ന മിനുവിന് മക്കുവിനെ പരിചയപ്പെടുത്തിയത് സണ്ണി ആയിരുന്നു. പിറ്റെ ദിവസം മുതൽ മിനുവിന്റെ കൈയ്യിൽ അവനുള്ള ഭക്ഷണവും ഉണ്ടാകുമായിരുന്നു. ആ പരിചയം സണ്ണി റിട്ടയർ ആയതിനു ശേഷം അനാഥനായ അവന് ഗുണകരമായി.

കൊവിഡ് മഹാമാരിയിൽ മിനുവിന് പ്രഭാത സവാരി ഉപേക്ഷിയ്ക്കേണ്ടി വന്നു. കുറെ ആഴ്ചകൾക്ക് ശേഷം കട തുറന്നപ്പോൾ മിനുവിന്റെ വണ്ടിയുടെ ശബ്ദം തിരിച്ചറിഞ്ഞ്, മണം പിടിച്ച് അവൻ മിനുവിന്റെ കടയിലെത്തി.

publive-image

തക്കുവിന് ആദ്യമൊന്നും മക്കുവിനെ ഇഷ്ടമല്ലായിരുന്നു. പിന്നീട് അവർ നല്ല കൂട്ടുകാരായി മാറി. കബീറും മിനുവും നൽകുന്ന ഭക്ഷണവും സ്നേഹപരിചരണങ്ങളും അവനെ സനാഥനാക്കി.

തക്കു പരിക്കേറ്റു സുഖമില്ലാതെ കിടക്കുന്നത് സങ്കടത്തോടെ മക്കു നോക്കി നിൽക്കുമെന്ന് മിനു പറഞ്ഞു.

സ്വാന്തനപരിചരണ മേഖലയിൽ ആരോഗ്യപ്രവർത്തകരോടൊപ്പം മുന്നണിപ്പോരാളിയായ മിനു എബ്രഹാം, റാപ്പിഡ് റെസ്പോൺസ് ടീം അംഗവുമാണ്. മുളന്തുരുത്തി മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിഭാഗം ചെയർപേഴ്സൺ എന്ന നിലയിലും പ്രവർത്തിച്ചു വരുന്നു.

kochi news
Advertisment