Advertisment

തുരുത്തിക്കരയിലെ നിർദ്ദിഷ്ട ജനകീയ ഹോട്ടൽ കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകാൻ മുളന്തുരുത്തി ടൗണിൽ ആരംഭിയ്ക്കണം : സിപിഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി പ്രക്ഷോഭത്തിന്

New Update

publive-image

Advertisment

മുളന്തുരുത്തി: മുളന്തുരുത്തി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ തുരുത്തിക്കരയിൽ ആരംഭിയ്ക്കുന്ന ജനകീയ ഹോട്ടൽ കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകാൻ മുളന്തുരുത്തി ടൗണിൽ ആരംഭിയ്ക്കണം എന്ന് സിപിഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ട്രഷറി, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, പോലീസ് സ്റ്റേഷൻ,സർക്കാർ ആശുപത്രി, മൃഗാശുപത്രി, പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി, കൃഷിഭവൻ, സപ്ലെകോ, ബെവ്കോ, ബിഎസ്എൻഎൽ, കെഎസ്ഇബി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സംസ്ഥാന, കേന്ദ്ര ഓഫീസുകൾ, അക്ഷയ സെന്റർ, ആധാരം എഴുത്താപ്പീസുകൾ, സ്വകാര്യ ലാബുകൾ മറ്റ് നൂറുകണക്കിന് വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, ഓട്ടോ, ടാക്സി എന്നിവ മുളന്തുരുത്തി ടൗണിനും പരിസരത്തും കേന്ദ്രീകരിച്ച് ആണ് ഉള്ളത്.

നൂറുകണക്കിന് ആളുകൾ ആണ് ദിനം പ്രതി മുളന്തുരുത്തിയിൽ വന്നു പോകുന്നത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും കിലോമീറ്ററുകൾ അകലെ സ്ഥാപിയ്ക്കുന്ന ജനകീയ ഹോട്ടൽ കൊണ്ട് യാതൊരു പ്രയോജനവും കിട്ടത്തില്ല.

പഞ്ചായത്തിന്റെ കൈവശത്തിലും ഉടമസ്ഥതയിലുള്ള മുളന്തുരുത്തിയിലെ കടമുറികളിൽ ഏതെങ്കിലും ജനകീയ ഹോട്ടലിന്റെ നടത്തിപ്പിനായി അധികൃതർ വിട്ടുകൊടുക്കാൻ തയ്യാറാവണം. കേരള സർക്കാരിന്റെ പന്ത്രണ്ടിന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടൽ എന്ന ആശയം കൊണ്ടുവന്നത്. അതിന്റെ ഗുണം പരമാവധി ജനങ്ങൾക്ക് ലഭ്യമാകണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.

publive-image

ടൗണിൽ പഞ്ചായത്തിന്റെ കൈവശം ധാരാളം കടമുറികൾ ഉണ്ടെന്നിരിക്കെ ആളും ആരവവും ഇല്ലാത്ത തുരുത്തിക്കരയിൽ, സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ ജനകീയ ഹോട്ടൽ നടത്താൻ കെട്ടിടം നിർമ്മിയ്ക്കുന്നതിന്റെ പിന്നിൽ അഴിമതി മണക്കുന്നുണ്ടന്ന് സിപിഎം ഏരിയാ കമ്മിറ്റി അംഗം സി. കെ. റെജി ആരോപിച്ചു.

കേരള സർക്കാർ കോഴിയിറച്ചി ന്യായവിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കാൻ ആരംഭിച്ച കേരള ചിക്കൻ സ്റ്റാൾ മുളന്തുരുത്തിയിൽ പെരുമ്പിള്ളി നട - മറ്റത്താംകടവ് റോഡിൽ പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥാപിച്ചത്. പ്രസ്തുത ചിക്കൻ സ്റ്റാൾ ഇവിടെ നിന്നും മുളന്തുരുത്തി ടൗണിൽ പഞ്ചായത്തിന്റെ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കണം. ഇവിടെ നിന്നും കോഴിയുടെ അവശിഷ്ടങ്ങൾ സമീപത്തുള്ള പാണാറിലേയ്ക്കാണ് തള്ളുന്നത് എന്ന് പരാതി ഉയരുന്നുണ്ട്.

ന്യായമായ ഈ ആവശ്യങ്ങൾ പഞ്ചായത്ത് ഭരണസമിതി അംഗീകരിയ്ക്കാത്ത പക്ഷം പൊതുജനങ്ങളെ ഉൾപ്പെടുത്തി സമരപരിപാടികളിലേയ്ക്ക് കടക്കേണ്ടിവരുമെന്നും റെജി മുന്നറിയിപ്പ് നൽകി.

സി.കെ.റെജിയോടൊപ്പം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി.രമേശൻ, ഏരിയ കമ്മിറ്റി അംഗം ഷെർലി വർഗ്ഗീസ്, ഗ്രാമപഞ്ചായത്ത് അംഗം ലിജോ ജോർജ്ജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Advertisment