കൂട് മൽസ്യകൃഷിയ്ക്ക് പോളപ്പായൽ ഭീഷണി: ബോധവത്കരണവുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം

New Update

publive-image

കൊച്ചി: കായലിൽ പോളപ്പോയൽ തിങ്ങിനിറഞ്ഞ് നിൽക്കുന്നത് കൂട് മത്സ്യകൃഷിക്ക് ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ ബോധവൽകരണവുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ).

Advertisment

വർഷാവർഷം കായലിലെ ലവണാംശം കൂടി ഒക്ടോബറോടെ അഴുകിപ്പോകാറുള്ള പോളപ്പായൽ ഇത്തവണ കൂടുതൽ കാലം നീണ്ടുനിൽക്കുന്നത് മത്സ്യകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കായലിൽ കൂട് മത്സ്യകൃഷി ചെയ്യുന്നവരുടെ കൂട്ടായ്മകൾക്ക് ബോധവൽകരണം നടത്തി അവ നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് സിഎംഎഫആർഐയുടെ കീഴിൽ പ്രവർത്തിക്കുന്ന കെവികെ നടത്തുന്നത്. കൂടുകളിൽ നിന്നും പായലുകൾ നീക്കം ചെയ്യുന്ന രീതിയും കർഷകരെ പരിശീലിപ്പിക്കുന്നുണ്ട്.

സാധാരണയിലധികം മഴലഭിച്ചതും പലതവണകളായി ഡാമുകൾ തുറന്നുവിട്ടതും കാരണം കായലിലെ ലവണാംശം കുറഞ്ഞത് പോളപ്പായൽ അമിതവളർച്ച നേടാൻ കാരണമായെന്നാണ് കരുതുന്നത്. പോളപ്പായൽ തിങ്ങിനിറയുന്നത് മൂലം കായലുകളിൽ സ്ഥാപിച്ച മത്സ്യക്കൂടുകളിൽ ഒഴുക്ക് തടസ്സപ്പെടുകയും അതുവഴി ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നതാണ കൂട് മത്സ്യകൃഷിക്ക് ഭീഷണിയാകുന്നത്.

ഡിസംബർ-ജനുവരി മാസങ്ങൾ വിളവെടുപ്പിന് പാകമായ വലിയ മൽസ്യങ്ങളെ കൊണ്ട് കൂടുകൾ നിറയുന്ന കാലമാണ്. ഇക്കാലയളവിൽ ഓക്സിജൻ കുറയുന്നത് അപ്രതീക്ഷിതമായി മൽസ്യങ്ങൾ ചത്തുപോകാൻ കാരണമായേക്കാം. മത്സ്യങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പലതരം കീടങ്ങളുടെയും രോഗാണുക്കളുടെയും വിളനിലമായി പോളപ്പായലുകൾ മാറുന്നതും മത്സ്യകർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് കെവികെ ബോധവത്കരണ യജ്ഞവുമായി രംഗത്തിറങ്ങിയത്. കേന്ദ്ര സർക്കാറിന്റെ സ്വച്ഛഭാരത് അഭിയാനിന്റെ ഭാഗമായി നടന്ന യജ്ഞത്തിൽ ഏഴിക്കരയിലെ മത്സ്യകർഷകരും പങ്കാളികളായി രണ്ടേക്കർ മൽസ്യ കൂടുകളിലെ പോളപ്പായൽ നീക്കം ചെയ്യുകയും ചെയ്തു.

സിഎംഎഫ്ആർഐയുടെ കീഴിലുള്ള എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏഴിക്കരയിൽ കൂട്കൃഷിയിടങ്ങളിൽ നിന്ന് പോളപ്പായൽ നീക്കം ചെയ്യുന്നു

Advertisment