കൊച്ചി: എക്സ്ചേഞ്ച് 4 മീഡിയയുടെ സൗത്ത് ഇന്ത്യൻ മാർക്കറ്റിംഗ് അവാർഡിൽ ഏജൻസി ഓഫ് ദി ഇയർ പുരസ്കാരം മൈത്രി അഡ്വർടൈസിങ്ങ് വർക്സിന് ലഭിച്ചു. രാജ്യാന്തര കമ്പനികളുമായി മത്സരിച്ച് നാല് സ്വർണവും ഒരു വെള്ളിയും നേടിയാണ് മൈത്രി ഒന്നാമതായത്.
മാതൃഭൂമി ദിനപത്രത്തിന്റെ 100-ാം വാർഷികത്തിന് വേണ്ടി ചെയ്ത ആന്തോളജി പരസ്യ സീരീസിന് സീരീസ് ബ്രാൻഡഡ് മീഡിയ കണ്ടന്റ് ഇനത്തിലും, ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസ് മലയാളം സീസൺ 4 ന്റെ മോഹൻലാൽ അഭിനയിച്ച പ്രചരണ ചിത്രത്തിലൂടെ ടെലിവിഷന്റെ മികച്ച ഉപയോഗത്തിനുമാണ് ആദ്യ രണ്ട് സ്വർണമെഡലുകൾ ലഭിച്ചത്.
വനിത ശിശുക്ഷേമ വകുപ്പിന് വേണ്ടി ഒരുക്കിയ ഇനി വേണ്ട വിട്ടുവീഴ്ച' എന്ന ക്യാമ്പയിൻ മൂന്നാമത്തെ സ്വർണം നേടി. ആര്യ ദയാൽ, സയനോര, ഇന്ദുലേഖ വാര്യർ എന്നിവർ അവതരിപ്പിച്ച രണ്ട് സംഗീത വീഡിയോകൾ, സംവിധായകൻ ബേസിൽ ജോസഫ് ഭാഗമായ ഡിജിറ്റൽ വീഡിയോകൾ, വിവിധ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെ ഉപയോഗിച്ച് ചെയ്ത വീഡിയോകൾ, പോസ്റ്ററുകൾ എന്നിവയിലൂടെ ഡിജിറ്റൽ - സോഷ്യൽ മീഡിയകളുടെ ഫലപ്രദമായ ഉപയോഗമാണ് ഈ പുരസ്കാരത്തിന് മൈത്രിയെ അർഹമാക്കിയത്.
നാലാമത്തെ ഗോൾഡൻ അവാർഡ് നെറ്റ്ഫ്ളിക്സിന്റെ ക്രിസ്മസ് റിലീസായിരുന്ന മിന്നൽ മുരളിക്ക് വേണ്ടിയുള്ള പ്രമോഷൻ നേടി. സൂപ്പർഹീറോ കോമിക്സ് സീരീസിലൂടെയുള്ള പ്രിന്റ് ക്യാമ്പയിനാണ് അവാർഡിന് പരിഗണിച്ചത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റിന് വേണ്ടി തയ്യാറാക്കിയ, വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ള ഹോർഡിങ്ങിനാണ് വെള്ളി മെഡൽ.
“ആഗോള നിലവാരത്തിൽ പരസ്യങ്ങളും ക്യാമ്പയിനുകളും ചെയ്യാൻ വൻ നഗരങ്ങളിൽ ജീവിക്കേണ്ടതില്ല. കേരളത്തിലെ സൗകര്യങ്ങൾ അതിന് ധാരാളമാണെന്നതിന്റെ തെളിവാണ് മൈത്രിയുടെ വിജയം. രാജ്യാന്തര കമ്പനികളുടെ വിശ്വാസം പിടിച്ചുപറ്റാൻ സാധിച്ചത് അതിന് ഉദാഹരണമാണ്.'- മൈത്രിയുടെ സി.ഒ.ഒ. ജയകുമാർ പറഞ്ഞു.
"പരസ്യദാതാക്കൾ തരുന്ന സ്വാതന്ത്ര്യവും വിശ്വാസവുമാണ് വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. പുതുമകളെ സ്വാഗതം ചെയ്യാനുള്ള അവരുടെ ധൈര്യമാണ് ഞങ്ങളുടെ ഊർജം. ഇവിടെ എടുത്തുപറയേണ്ടൊരു പേര് മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ ശ്രീ. എം.വി. ശ്രേയാംസ് കുമാറിന്റേതാണ്. നൂറാം വാർഷികത്തിന്റെ ഭാഗമായി ആന്തോളജി പരസ്യം' എന്ന വേറിട്ട ആശയം അവതരിപ്പിച്ചപ്പോൾ അദ്ദേഹം നൽകിയ പിന്തുണ ഒരു ഉദാഹരണം മാത്രം. മാതൃഭൂമിയുമായി ഇരുപത് വർഷമായി തുടരുന്ന ബന്ധമാണ് മൈത്രിക്ക്. മൈത്രിയുടെ ഡയറക്ടർ - ഐഡിയേഷൻ വേണുഗോപാൽ രാമചന്ദ്രൻ നായർ പറഞ്ഞു.
“വേറിട്ട രീതിയിൽ ചിന്തിക്കുന്ന യുവത്വമാണ് ക്രിയേറ്റീവ് ടീമിന്റെ ശക്തി. മൈത്രിയുടെ വിജയകരമായ ക്യാമ്പയിനുകൾക്ക് പിന്നിൽ വാശിയോടെ അധ്വാനിക്കുന്ന ഒരുകൂട്ടം യുവജനങ്ങളുണ്ട്. ലീഡ് ചെയ്യുന്ന സീനിയേഴ്സിന്റെ യഥാർത്ഥ കരുത്തും അവർ തന്നെ. മൈത്രിയുടെ ഗ്രൂപ്പ് ക്രിയേറ്റിവ് ഡയറക്ടർ ഫ്രാൻസിസ് തോമസ് പറഞ്ഞു.
നെറ്റ്വർക്ക് ഏജൻസികൾ കേരളത്തിൽ വന്ന് ബ്രാൻഡുകൾ കൊണ്ടുപോകുന്ന പതിവായിരു ന്നു മുൻപ്. ഇന്ന് സ്ഥിതി മാറി. ഇന്റർനാഷണൽ ക്ലൈന്റുകൾ റീജിയണൽ ഏജൻസികളുടെ ശക്തി മനസിലാക്കി മുന്നോട്ട് വരാൻ തുടങ്ങി. ഇതിലൂടെ കേരളത്തിലെ ക്രിയേറ്റിവ് മിടുക്കർക്ക് ആഗോള നിലവാരത്തിലുള്ള ക്യാമ്പയിനുകൾ ഒരുക്കാനുള്ള വാതിൽ തുറക്കപ്പെടുകയാണ്. മൈത്രിയുടെ ഡയറക്ടർ - ഓപ്പറേഷൻസ് രാജു മേനോൻ പറഞ്ഞു. കേരള അഡ്വർടൈസിങ്ങ് ഏജൻസീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റും കൂടിയാണ് രാജു മേനോൻ.