Advertisment

ഒക്ടോബർ 2 ഞായറാഴ്ച പ്രവൃത്തിദിനമാക്കുവാനുള്ള മന്ത്രിസഭ തീരുമാനം പുന:പരിശോധിക്കണം: കത്തോലിക്ക കോൺഗ്രസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ക്രൈസ്തവർ പരിപാവനമായി കരുതുന്ന ഞായറാഴ്ച ദിവസം പ്രവൃത്തിദിനം ആക്കുവാനുള്ള സർക്കാർ നീക്കം ഒരിക്കലും അംഗീകരിക്കാൻ ആകില്ല എന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. ഇതിന് മുമ്പ് ജൂൺ 30 ഞായറാഴ്ചയും കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവർത്തി ദിനമായിരുന്നു.

ഓണത്തോട് അനുബന്ധിച്ച് രണ്ടാം ശനിയാഴ്ചയാണ് സാധാരണ വള്ളംകളി മത്സരം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി വള്ളംകളി മത്സരം നടന്നത് ഞായറാഴ്ചയാണ്. അതുപോലെതന്നെ വിവിധ മത്സര പരീക്ഷകൾക്കും മറ്റു പരിപാടികൾക്കും ഞായറാഴ്ച ദിവസം കൂടുതലായി ഉപയോഗിക്കുന്നു എന്നത് ക്രിസ്ത്യന്റ സമുദായത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

സ്കൂൾ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഞായറാഴ്ചകളിൽ പ്രവൃത്തിദിനം ആക്കി ഉത്തരവിറങ്ങുന്നത് സർക്കാരിന്റെ ഭാഗത്തുനിന്ന് പതിവാകുന്നു. മുൻകാലങ്ങളിൽ ഞായറാഴ്ചകളിൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിരുന്നു. ഞായറാഴ്ച പ്രവൃത്തിദിനം ആക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം എന്നും, മുൻകാലങ്ങളിലെ പോലെ ഞായറാഴ്ച അവധി ദിനമായി കണക്കാക്കുവാനും, സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം അടിയന്തരമായി ഉണ്ടാവണം.

ഒക്ടോബർ 2 പ്രവൃത്തിദിനം ആകുവാനുള്ള സർക്കാർ തീരുമാനത്തെ കത്തോലിക്ക കോൺഗ്രസ് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുകയും, ഈ തീരുമാനം ഉടനടി പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും , വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയോ, അജണ്ടയോ ഉണ്ടെന്നു സംശയിക്കുന്നതായി കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ സംശയം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള സർക്കാർ തീരുമാനം ക്രൈസ്തവർക്ക് നേരെയുള്ള കടന്നുകയറ്റവും, നീതി നിഷേധവും ആണ്.

ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധ സ്വരം ഉയർന്നിരിക്കുന്നു. ക്രൈസ്തവർക്ക് നേരെയുള്ള ഇത്തരത്തിലുള്ള അവഗണിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കും കത്തോലിക്ക കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.

കത്തോലിക്കാ ഗ്ലോബൽ പ്രസിഡന്റ് ബിജു പറയാനിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചു പറമ്പിൽ, ട്രഷറർ ജോബി തോമസ്, ഭാരവാഹികൾ ആയിട്ടുള്ള തോമസ് പീടികയിൽ, ഡോ. ജോസുകുട്ടി ഒഴുകയിൽ, ടെസ്സി ബിജു, രാജേഷ് ജോൺ , ബെന്നി ആന്റണി, ചാർലി മാത്യു, ട്രീസ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment