ഹൃദയാരോഗ്യം നിരീക്ഷിക്കാൻ ഇനി സ്മാർട്ട് സംവിധാനവുമായി ആസ്റ്റർ മെഡ്‌സിറ്റി. ഡിജിറ്റൽ ഹാർട്ട് ഫെയ്‌ലിയർ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു; ഹൃദ്രോഗികളെ 24 മണിക്കൂറും നിരീക്ഷിച്ചു ചികിത്സ നിർദേശിക്കാനുള്ള സൗകര്യം

New Update

publive-image

Advertisment

കൊച്ചി: മൊബൈൽ ടെക്‌നോളജി ഉപയോഗിച്ച് ഹൃദ്രോഗമുള്ളവരെ നിരീക്ഷിക്കുന്നതിന് ആധുനിക സംവിധാനവുമായി ആസ്റ്റർ മെഡ്‌സിറ്റി. നുമെൻ ഹെൽത്ത് ടെക്‌നോളജിയുമായി കൈകോർത്താണ് ഈ പുതിയ ആശയം നടപ്പിലാക്കിയിരിക്കുന്നത്.

ഹൃദയത്തിന്റെ പ്രവർത്തനത്തിൽ താളപ്പിഴകൾ ഉണ്ടാകാൻ സാധ്യതയുള്ളവരെ നിരന്തരം നിരീക്ഷിക്കാൻ ഈ സംവിധാനത്തിന് കഴിയും. അടിക്കടിയുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുകയും ചെയ്യാം.

ആസ്റ്റർ മെഡ്സിറ്റിയിലെ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോക്ടർ അനൂപ് വാരിയർ ആണ് പുതിയ ക്ലിനിക് ഉദ്‌ഘാടനം ചെയ്തത്. അമേരിക്കയിലുള്ള വിശ്വപ്രസിദ്ധ ചികിത്സാകേന്ദ്രമായ ജോൺസ് ഹോപ്കിൻസിലെ ടോസിഗ് ഹാർട്ട് സെന്ററിന്റെ ഡയറക്ടർ ഡോ. ഷെൽബി കുട്ടി ഈ പുതിയ ടെക്‌നോളജിയുടെ പ്രവർത്തന രീതിയെ പറ്റി വിശദീകരിച്ചു.

തിരഞ്ഞെടുത്ത ഹൃദ്രോഗികൾക്ക് ഈ ക്ലിനിക്കിൽ നിന്നും ഒരു സ്മാർട്ട് വാച്ച് നൽകും. അവരുടെ സ്മാർട്ഫോണുകളിൽ ഒരു പ്രത്യേക ആപ്പ്ളിക്കേഷനും ഡൗൺലോഡ് ചെയ്ത് നൽകും. ഇവ രണ്ടും കൂടിച്ചേർന്നായിരിക്കും പ്രവർത്തിക്കുക.

രോഗിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുകയും രോഗി എത്രമാത്രം ആക്റ്റീവ് ആണെന്ന് റെക്കോർഡ് ചെയ്യുകയും സമയാസമയങ്ങളിൽ മരുന്ന് കഴിക്കാൻ ഓർമപ്പെടുത്തുകയും ചെയ്യും. എന്തെങ്കിലും അപകടസൂചനകൾ കിട്ടിയാൽ ആ നിമിഷം തന്നെ ആശുപത്രിയിലെ ഹാർട്ട് ഫെയ്ലിയർ സെന്ററിലേക്ക് സന്ദേശം അയക്കും.

അവിടെ നിന്ന് ആവശ്യമുള്ള തുടർനടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ ചികിത്സാരീതിയിൽ മാറ്റം വരുത്തി അപകട സാഹചര്യം ഒഴിവാക്കും. അതിന് വേണ്ടി ആശുപത്രിയിൽ എത്തേണ്ട ആവശ്യം പരമാവധി കുറയ്ക്കും. എല്ലാ വിവരങ്ങളും രോഗിയെ കൃത്യമായി അറിയിക്കും.

ഹൃദ്രോഗങ്ങൾക്ക് നിരന്തരമായ നിരീക്ഷണവും സ്വയം പരിചരണവും ആവശ്യമാണ്. അതിലെ സങ്കീർണതകളും അധിക ചെലവുകളും ഒഴിവാക്കാൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താം. മൊബൈൽ ആപ്പുകൾ അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്.

ഡിജിറ്റൽ ഉപകരണങ്ങൾ വഴി ബയോമെട്രിക് ഡാറ്റ ശേഖരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ജീവിതശൈലിയിൽ കൂടുതൽ ശ്രദ്ധ പുലർത്താനും കൃത്യമായി മരുന്നുകൾ കഴിക്കാനും ആപ്പുകൾ രോഗിയെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ഹൃദ്രോഗ വിഭാഗം ഇന്റെവെൻഷണൽ കൺസൽട്ടൻറ് ഡോ. സുനിൽ റോയ്. ടി.എൻ. പറഞ്ഞു.

എം-ഹെൽത്ത് അഥവാ മൊബൈൽ ഹെൽത്ത് സാങ്കേതികവിദ്യ ആധുനിക മെഡിക്കൽ സയൻസിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുന്ന ഒരു പുതിയ സംവിധാനമാണ്. നമ്മുടെ നാട്ടിലും ഹൃദ്രോഗികൾക്കായി ഈ സംവിധാനം ഒരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷവും വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ഹൃദ്രോഗികളെ നിരീക്ഷിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ആപ്പ്ളിക്കേഷനാണ് നുമെൻ ഹെൽത്ത്.

Advertisment