/sathyam/media/post_attachments/Q7qVSvyJu4jXZQsXBGTo.jpg)
റിയാദ്: മുസ്‌ലിം ലീഗിനെതിരെയുള്ള താലിബാൻ ആരോപണം ചരിത്രത്തെ മാനഭംഗപ്പെടുത്തുന്നതിന് തുല്യമാണെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി അഭിപ്രായപ്പെട്ടു. ബത്ഹ ആപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ ആക്റ്റിംഗ് പ്രസിഡന്റ് ഷരീഫ് അരീക്കോട് അധ്യക്ഷം വഹിച്ചു. മുസ്‌ലിം ലീഗ് എല്ലാക്കാലത്തും ന്യൂനപക്ഷ - പിന്നാക്ക ജനവിഭാഗത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും നിലകൊണ്ട പ്രസ്ഥാനമാണ്. അത് ലീഗിന്റെ പ്രഖ്യാപിത നിലപാടാണ്. മുസ്‌ലിം സമൂഹത്തിന്റെ പൊതുവിലും പെണ്കുട്ടികൾക്ക് പ്രത്യേകിച്ചും വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സമർപ്പണം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ് ലീഗ്.
കേരളത്തിലെ മുസ്‌ലിം നവോത്ഥാനം പെട്ടെന്ന് സംഭവിച്ച ഒന്നല്ല. കെ.എം.സീതിസാഹിബും പാണക്കാട് പൂക്കോയ തങ്ങളും സി എച്ച് മുഹമ്മദ് കോയയും ഉൾപ്പടെയുള്ള മുസ്‌ലിം ലീഗിന്റെ നേതാക്കൾ നിരന്തരം നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും ഭാഗമായി ഉണ്ടായതാണ്. ലീഗിന്റെ ജനാധിപത്യ പങ്കാളിത്തം ഒരളവ് വരെ ഈ പുരോയാനത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ലീഗ് വിമർശകർക്ക് വരെ നിഷേധിക്കുവാൻ കഴിയില്ല. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കുന്നതിന് വേണ്ടി ലീഗ് നടത്തിയ ത്യാഗങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പെൺകുട്ടികൾക്ക് മാത്രമായി മുസ്‌ലിം - നാടാർ സ്‌കോളർഷിപ്പ് ഏർപ്പെടുത്തുകയും എല്ലാവർക്കും വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്തതെല്ലാം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ്. കേരളത്തിലെ മിക്ക സർവ്വകലാശാലകളുടെയും നിർമ്മിതിയിൽ ലീഗിന്റെ സംഭാവന മറച്ചുവെക്കുവാൻ ആർക്കും കഴിയില്ല. മുസ്‌ലിം കുട്ടികൾ വിദ്യാഭ്യാസ മുന്നേറ്റം നടത്തുമ്പോൾ വലിയ അസഹിഷ്ണുത പ്രകടിപ്പിച്ചവരാണ് ഇപ്പോൾ ലീഗിന്റെ പേരിൽ താലിബാനിസം ആരോപിക്കുന്നതെന്നും ഇത് വിരോധാഭാസമാണെന്നും ഭാരവാഹികൾ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുസ്‌ലിം ലീഗിന്റെ ജനപ്രതിനിധികളായി ആയിരക്കണക്കിന് സ്ത്രീകളെ കാണാൻ കഴിയും. അവരുടെ പ്രവർത്തന മികവും കഴിവും കേരളം കണ്ടതാണ്. ദേശീയ അംഗീകാരങ്ങൾ നേടിയ മികച്ച വനിതാ ജനപ്രതിനിധികൾ ഇന്നും വിവിധ ഭരണ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഇതെല്ലാം മറച്ചുവെച്ച് ലീഗിനെ ഇല്ലാതാക്കുന്നതിന് വേണ്ടി അഴിച്ചവിടുന്ന ദുരാരോപണങ്ങൾ ഏത് മാധ്യമങ്ങൾ നടത്തിയാലും കേരളീയ സമൂഹം അവയെല്ലാം തള്ളിക്കളയുമെന്നും ലീഗിന്റെ പതനം ആഗ്രഹിക്കുന്നവർ നിരാശരാകേണ്ടി വരുമെന്നും യോഗം അഭിപ്രായപ്പെട്ടു.
റിയാദ് കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ട്രഷറർ കുഞ്ഞിപ്പ തവനൂർ, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ഭാരവാഹികളായ മുനീർ വാഴക്കാട്, റഫീഖ് മഞ്ചേരി, അഷ്റഫ് മോയൻ, സിദ്ധീഖ് കോനാരി, ലത്തീഫ് കരിങ്കപ്പാറ,യൂനുസ് സലീം താഴെക്കോട്, യൂനുസ് കൈതക്കോടൻ, അൻവർ ചെമ്മല എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us