Advertisment

സൗദി അറേബ്യ കോവിഡാതീത കാലത്തേക്കുള്ള തിരിച്ചുപോക്കിന്; രണ്ട് വാക്‌സിൻ എടുത്തവർക്ക് തുറസ്സായ ഇടങ്ങളിൽ മാസ്കും ശാരീരികാകലവും നിർബദ്ധമല്ലാതാവുന്നു

New Update

publive-image

Advertisment

ജിദ്ദ: ഏതാണ്ട് രണ്ട് വർഷത്തോളം നീണ്ട കർശനമായ മഹാമാരി പ്രോട്ടോകോളുകളിൽ നിന്ന് സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്കുള്ള സഞ്ചാരം തുടങ്ങിയോ? ഞായറാഴ്ച മുതൽ നടപ്പിലാവുന്ന പുതിയ മാർഗനിർദേശങ്ങൾ അങ്ങിനെയൊരു ശുഭസൂചനയാണ് നൽകുന്നത്. ഞായറാഴ്ച മുതൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമല്ലാതെയാവുകയാണ്. അതുപോലെ, ശാരീരിക അകലം പാലിക്കണമെന്ന നിയമവും വേണ്ടെന്ന് വെക്കുകയാണ്. സൗദി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിരിക്കുന്നത്. പുതിയ നിർദേശങ്ങൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

അതേസമയം, അടച്ചുപൂട്ടിയ സ്ഥലങ്ങളിൽ മാസ്കും ശാരീരിക അകലവും പഴയപടി തുടരും. ഏതായാലും കണിശവും ആസൂത്രിതവുമായ നടപടികളിലൂടെ കോവിഡ് വ്യാപനത്തെയും കേസുകളെയും വിജയകരമായി അതിജയിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യ കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കിത്തുടങ്ങുന്നതിന്റെ വലിയൊരു നാന്ദിയാണ് ഞായറാഴ്ച മുതൽ നിലവിൽ വരുന്നത്. രാജ്യം വാക്സിൻ കാര്യത്തിൽ കൈവരിച്ച നേട്ടത്തിന്റെയും കുറഞ്ഞു വരുന്ന കോവിഡ് സ്ഥിതിഗതികളുടെയും നേരിട്ടുള്ള പ്രതിഫലനമാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം നൽകിയ അവലോകനത്തിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നടപടി.

രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കാണ് തുറസ്സായ സ്ഥലങ്ങളിൽ മാസ്കും ശാരീരിക അകലവും നിര്ബന്ധമല്ലാതാവുക.മസ്ജിദുൽ ഹറം പള്ളികളിലെ പൂർണ ശേഷി മുഴുവനായി ഉപയോഗിക്കാനും രണ്ടു ഡോസ് എടുത്തവരെ അനുവദിക്കും. അതേസമയം, ഹറം പള്ളികളിൽ എല്ലാവരും മാസ്ക് ധരിക്കൽ നിർബന്ധവുമാണ്.ഗതാഗത സ്റ്റേഷനുകൾ, ഭക്ഷണശാലകൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ശാരീരിക അകലം എന്ന വ്യവസ്ഥ ഇല്ലാതാവുകയും സ്ഥലത്തിന്റെ മുഴുവൻ ശേഷിയുംഉപയോഗപ്പെടുത്താവുന്നതുമാണ്. ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, വിശേഷ വേദികൾ എന്നിവകളിൽ ആളുകളുടെ എണ്ണം സംബന്ധിച്ച നിബന്ധനകളും ഇല്ലാതാവുകയാണ്. അതേസമയം, തവക്കൽനാ ആപ്പുകൾ അടിസ്ഥാനമാക്കിയുള്ള മുൻകരുതലുകൾ പാലിക്കപ്പെടുകയും വേണം.

അതേസമയം, തവക്കൽനാ ആപ്പിലൂടെ ആളുകളുടെ ആരോഗ്യ സ്ഥിതി വിലയിരുത്താനും നിയന്ത്രിക്കാനും കഴിയാത്ത അവസരങ്ങളിൽ മാസ്ക് ധാരണയും ശാരീരിക അകലം പാലിക്കലും പഴയ പോലെ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവന ചൂണ്ടിക്കാട്ടി. അപ്രകാരം, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾക്കനുസരിച്ച് ഈ തീരുമാനങ്ങൾ നേരാനേരങ്ങളിൽ അവലോകനത്തിന് വിധേയമാക്കി കൊണ്ടിരിക്കുമെന്നും പ്രസ്താവന തുടർന്നു. അതോടൊപ്പം, പൊതു - സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധവുമായിരിക്കും.

ഏതായാലും, കോവിഡ് പ്രോട്ടോകോളുകളിൽ നടപ്പിലാക്കുന്ന ലഘൂകരണം വലിയ പ്രത്യാശയാണ് പൊതുജങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്.

Advertisment