റിയാദ് കെഎംസിസി 'നാട്ടിലൊരു പെരുന്നാൾ' സംഗമം ജൂലൈ 22ന് തിരൂരങ്ങാടിയിൽ

author-image
ജൂലി
New Update

publive-image

റിയാദ് : കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇപ്പോൾ നാട്ടിലുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി പെരുന്നാൾ സംഗമം സംഘടിപ്പിക്കുന്നു. 'നാട്ടിലൊരു പെരുന്നാൾ' എന്ന ശീർഷകത്തിൽ ഈ മാസം 22ന് വെള്ളിയാഴ്ച 3 മണി മുതൽ തിരൂരങ്ങാടി ചെമ്മാട് താജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. സംഗമം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും. പി. കെ കുഞ്ഞാലിക്കുട്ടി, കെ.പി. എ മജീദ്, പി. എം. എ സലാം, വി.ടി ബൽറാം, വി.എസ്‌ ജോയ് തുടങ്ങി പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

Advertisment

ചടങ്ങിൽ റിയാദ് കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായം കൈമാറും. കേരളത്തിലെ വിവിധ സി എച്ച് സെന്ററുകൾക്കും സേവന കേന്ദ്രങ്ങൾക്കുമുള്ള ഫണ്ട് വിതരണവും ഇതോടനുബന്ധിച്ച് നടക്കും. വിവിധ സെഷനുകളിൽ പ്രമുഖ നേതാക്കൾ സംബന്ധിക്കും. കലാപരിപാടികളും പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഇശൽ വിരുന്നും ഒരുക്കിയിട്ടുണ്ട്.

സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് നടത്തിയ വിവിധ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധനേടിയ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആവിഷ്ക്കരിച്ച കുടുംബ സുരക്ഷാ പദ്ധതി വഴി പത്ത് ലക്ഷം രൂപയാണ് അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നൽകി വരുന്നത്. പ്രവാസ ലോകത്ത് ഇത്രയും വലിയ തുക സഹായമായി നൽകുന്ന ആദ്യത്തെ പദ്ധതിയാണിത്.
പദ്ധതിയുടെ നാലാം ഘട്ട അംഗത്വ പ്രചാരണ കാമ്പയിൻ റിയാദിൽ നടന്നു വരികയാണ്. റമദാനിൽ വിവിധ കെഎംസിസി ഘടകങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകീകൃത ഫണ്ട് സമാഹരണം വഴി വർഷങ്ങളായി വലിയൊരു തുകയാണ് കേരളത്തിലുടനീളമുള്ള സി എച്ച് സെന്ററുകൾക്കും കാരുണ്യ കേന്ദ്രങ്ങൾക്കും റിയാദ് കമ്മിറ്റി നൽകി വരുന്നത്.

കോവിഡ് കാലത്ത് റിയാദിലെ കെഎംസിസി പ്രവർത്തകർ നടത്തിയ സേവന പ്രവർത്തനങ്ങൾ സർവ്വരാലും പ്രശംസിക്കപ്പെട്ടതാണ്. കോവിഡ് ബാധിച്ചവരെ ആശുപത്രിയിലെത്തിക്കുക, ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പടുത്തി രൂപപ്പെടുത്തിയ കോവിഡ് ആക്ഷൻ ഫോഴ്‌സ് വഴി
രോഗികൾക്ക് ചികിത്സയും മരുന്നും ഭക്ഷണവും നൽകുക, ബോധവൽക്കരണ പരിപാടികളും കൗൺസിലിംഗും നൽകുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കുക, കോവിഡ് മൂലം പുറത്തിറങ്ങാൻ പോലും കഴിയാതെ ദുരിതത്തിലായ ആയിരങ്ങൾക്ക് സൗജന്യമായി ഭക്ഷ്യ വസ്തുക്കളും അവശ്യ മരുന്നുകളുമെത്തിക്കുക, നാട്ടിലേക്ക് പോകാൻ ചാർട്ടേഡ് വിമാനമൊരുക്കുക തുടങ്ങി നിരവധി പ്രവർത്തങ്ങളാണ് കെഎംസിസിയുടെ നേതൃത്വത്തിൽ അക്കാലഘട്ടത്തിൽ റിയാദിൽ നടത്തിയത്.

റിയാദ് കെഎംസിസിയുടെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് വെൽഫെയർ വിങ്ങിന്റെത്. കോവിഡ് കാലത്ത് വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മലയാളി സമൂഹത്തിന് മാത്രമല്ല മുഴുവൻ പ്രവാസി സമൂഹത്തിനും വലിയൊരു അനുഗ്രഹമായിരുന്നു. ഇവിടെ മരണപ്പെടുന്നവരുടെ മൃതദേഹം സംസ്കരിക്കുക, അല്ലെങ്കിൽ നാട്ടിലേക്കയക്കുക, തൊഴിൽ പ്രശ്നങ്ങളിൽ അകപ്പെട്ടവർക്ക് ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ നിയമ സഹായം നൽകുക, അവരെ നാട്ടിൽ കുടുംബത്തിലേക്കെത്തിക്കുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ ഉപസമിതി ചെയ്തു വരുന്നത്. മരുഭൂമിയിൽ അകപ്പെട്ട നിരവധി പേരെ ഇവർ രക്ഷിച്ച് നാട്ടിലെത്തിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഖത്തറിൽ നിന്ന് സൗദിയിലെത്തിയ ഇന്ത്യക്കാരായ 24 പേരടക്കം മുപ്പതോളം പേരെ എംബസ്സിയുടെയും സൗദി കെഎംസിസിയുടെ വിവിധ ഘടകങ്ങളുടെയും സഹായത്തോടെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതാണ്.

വൈജ്ഞാനിക, കലാ, കായിക, സാംസ്‌കാരിക മേഖലകളിലും റിയാദ് കെഎംസിസി മികച്ച അടയാളപ്പെടുത്തലുകൾ ഇതിനകം നടത്തിയിട്ടുണ്ട്.
ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ്, ഫുടബോൾ, വോളിബോൾ ടൂർണമെന്റുകൾ, സ്‌കൂൾ ഫെസ്റ്റുകൾ, വിവിധ കെഎംസിസി ഫെസ്റ്റുകൾ, വനിതാ, സൈബർ, വിദ്യാർത്ഥി ഘടകങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങി ചരിത്രത്തിൽ ഇടംനേടിയ ഒട്ടേറെ പ്രവർത്തങ്ങളാണ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ളത്.

പെരുന്നാൾ സംഗമത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയുടെയും സഹഭാരവാഹികളുടെയും നേതൃത്വത്തിൽ നാട്ടിൽ നടന്നുവരുന്നത്. മുൻകാല നേതാക്കളും പ്രവർത്തകരുമടക്കം നാട്ടിലെത്തിയിട്ടുള്ള റിയാദ് കെഎംസിസിയുടെ മുഴുവൻ അംഗങ്ങളും സംഗമത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Advertisment