/sathyam/media/post_attachments/YKySrReOr73clDBLsqmo.jpg)
ജിദ്ദ: വ്യത്യസ്തമായ സമീപനവും സംസ്കാരവും ഉൾക്കൊള്ളാതെ മനുഷ്യൻ്റെ സാംസ്കാരിക വികസനം സാധ്യമാവുകയില്ലെന്ന് എസ് വൈ എസ് കേരള സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി അഭിപ്രായപ്പെട്ടു. 2022 ഡിസംബർ 30, 31 തിയ്യതികളിൽ യു എ ഇ യിൽ നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഗ്ലോബൽ സമ്മിറ്റിൻ്റെ ഭാഗമായി വെസ്റ്റ് സൗദി സംഘടിപ്പിച്ച "സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം" എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരികളിൽ നിന്നു അകലുകയും ശരികേടുകളിലേക്ക് അടുക്കുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നു. വികസിച്ചു കൊണ്ടേയിരിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
പുതിയ സങ്കേതങ്ങൾ രൂപപ്പെട്ടു വരുന്നുണ്ടെങ്കിലും സാംസ്കാരിക നിക്ഷേപം ഉയർന്നു വരേണ്ടതുണ്ട്. ബുദ്ധിയും, ചിന്താ ശേഷിയും, ബൗദ്ധിക ഉണർവും ചേർന്നതാണ് സാംസ്കാരിക മൂലധനം. സംഘടിത മുന്നേറ്റങ്ങളിലൂടെയാണ് ജനാധിപത്യം സാധ്യമാവുക. സ്വന്തത്തിലേക്ക് ചുരുങ്ങുന്നത് ഇതിനെല്ലാം വിലങ്ങു തടിയാണ്. പശ്ചാത്തല സൗകര്യം, ടെക്നോളജി, വിദ്യാഭ്യാസം എന്നതിനുമപ്പുറം ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും, സംഘടിത മുന്നേറ്റങ്ങളിലൂടെ കേന്ദ്രീകൃതമായ സംവാദങ്ങൾ നടക്കുകയും, ആശയങ്ങൾ കൈമാറ്റങ്ങൾ ചെയ്യപ്പെടുകയും ചെയ്യുന്നിടത്താണ് സാംസ്കാരിക നിക്ഷേപം സാധ്യമാവുകയെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
ഗ്ലോബൽ കൗൺസിൽ അംഗം ആഷിഖ് സഖാഫി ആമുഖം അവതരിപ്പിച്ചു. മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക്, ലോക കേരള സഭ അംഗം കെ ടി എ മുനീർ, ഗവേഷകൻ ഇ പി എം സ്വാലിഹ് നൂറാനി, മാധ്യമ പ്രവർത്തകൻ ലുഖ്മാൻ വിളത്തൂർ എന്നിവർ സെമിനാറിൽ ഇടപെട്ടു സംസാരിച്ചു. ഖലീലുറഹ്മാൻ സംഗ്രഹം അവതരിപ്പിച്ചു. നാഷനൽ എക്സിക്യൂട്ടീവ് സെക്രട്ടറി നിയാസ് കോഴിക്കോട് മോഡറേറ്ററായിരുന്നു. കലാലയം ഫസ്റ്റ് സെക്രട്ടറി സദക്കത്തുള്ള സ്വാഗതവും പ്രൈം സെക്രട്ടറി ബഷീർ നൂറാനി നന്ദിയും പറഞ്ഞു.