വിശ്വമയം 2023' കണ്യാര്‍കളി മേള ഫെബ്രുവരി19 ന് അജ്മാനിൽ

author-image
ജൂലി
New Update

publive-image

യുഎഇയിലെ ദേശക്കൂട്ടായ്മ ഒരുക്കുന്ന അഞ്ചാമത് കണ്യാർകളി മേള അജ്മാനിലെ വിന്നേഴ്സ് ക്ലബ്ബിൽ ഫെബ്രുവരി 19 ന് അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

രാവിലെ ഒൻപതുമണി മുതൽ വൈകിട്ട് ഒന്പതു മണിവരെ നടക്കുന്ന മേളയിൽ പാലക്കാടൻ തനതു കലാരൂപമായ കണ്യാർകളിയിലെ പതിനഞ്ചോളം പുറാട്ടു വേഷങ്ങൾ വിവിധ ദേശങ്ങൾ അവതരിപ്പിക്കും. സാമ്പ്രദായിക തനിമയിൽ ഒരുക്കുന്ന കളിപ്പന്തലിലാണ് ഇക്കുറിയും കളി അരങ്ങേറുക.

publive-image

നാട്ടിൽ നിന്നും യുഎയിൽ നിന്നുമുള്ള പല പ്രമുഖ കളി ആശാന്മാരും കലാകാരന്മാരും മേളയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ചിറ്റിലഞ്ചേരി, പുതിയങ്കം, നെമ്മാറ, കുനിശ്ശേരി, പല്ലാവൂർ, പല്ലശ്ശേന, കാക്കയൂർ, എലവഞ്ചേരി,വാനൂർ, കൊടുവായൂർ, കുഴൽമന്ദം, കാട്ടുശ്ശേരി, അയിലൂർ, കുത്തനൂർ, വട്ടേക്കാട്, വടവനൂർ, തത്തമംഗലം, ചേരാംമംഗലം, മംഗലം, മേലാർകോട്തു, വാനൂർ തുടങ്ങിയ ദേശങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്.

കൂട്ടായ്മയുടെ മുൻകാല സാരഥികളിൽ പ്രമുഖനായിരുന്ന വിശ്വനാഥ് നെന്മാറയുടെ സ്മരണാർത്ഥം ഇത്തവണത്തെ മേളയ്ക്കു 'വിശ്വമയം 23' എന്നാണ് പേരു നൽകിയിരിക്കുന്നത്.

publive-image

കേരളത്തിലെ ഏറ്റവും പ്രാചീനമായ കലാരൂപങ്ങളില്‍ ഒന്നായ കണ്യാർകളി പാലക്കാട് ജില്ലയുടെ ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലാണ് ഇന്നും അനുഷ്ഠാന കലാരൂപമായി അവതരിച്ചു പോരുന്നത്. കഥകളി, ചവിട്ടുനാടകം, പൂരക്കളി തുടങ്ങിയ കലാരൂപങ്ങളുമായി കൊടുക്കല്‍ വാങ്ങല്‍ ബന്ധമുള്ള കണ്യാർകളിക്ക് എഴുനൂറിലധികം വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്നു.

publive-image

മലയാളത്തിലും തമിഴിലും, തമിഴ് കലര്‍ന്ന മലയാളത്തിലും വാമൊഴിയായി പകര്‍ന്നു കിട്ടപ്പെട്ട അഞ്ഞൂറിലധികം ഇമ്പമാര്‍ന്ന പാട്ടുകള്‍ ആണ് ഈ കലാരൂപത്തിനുള്ളത്. പ്രദേശം, വര്‍ഗം, തെഴില്‍, സംസ്‌കൃതി എന്നിവയെ അടയാളപ്പെടുത്തുന്ന നൂറിലധികം പുറാട്ടുകള്‍ ഒറ്റപുറാട്ട്, ഇരട്ടപുറാട്ട്, കരിപുറാട്ട്, രാജാപാര്‍ട്ട് എന്നിങ്ങനെ വെവേറെ വിഭാഗങ്ങളില്‍ അവതരിപ്പിക്കുന്നു.

കണ്യാര്‍കളിയില്‍ പുരുഷന്‍ തന്നെയാണ് സ്ത്രീയായി വേഷമിടുന്നത്. പുറാട്ടിന്റെ സ്വഭാവമനുസരിച്ചു ചെണ്ട, തപ്പട്ട, ഇലത്താളം, ഇടക്ക, മദ്ദളം എന്നിവ പ്രധാനമായും മാറി മാറി അകമ്പടിയില്‍ ഉപയോഗിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 055 5448254 (വിജയപ്രകാശ്), 054 3748748 (ശശികുമാര്‍) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment