സൗദി: ഏഴ് മണിക്കൂർ നീണ്ട സർജറിയിലൂടെ സിറിയൻ സയാമീസിനെ വിജയകരമായി വേർപ്പെടുത്തി

New Update

publive-image

ജിദ്ദ: റിയാദിലെ നാഷണല്‍ ഗാര്‍ഡിനു കീഴിലുള്ള കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വ്യാഴാഴ്ച്ച നടത്തിയ വിജയകരമായ സയാമീസ് ശസ്ത്രക്രിയയിലൂടെ സിറിയയിൽ നിന്നുള്ള ഇഹ്‌സാൻ, ബസ്സാം എന്നീ കുരുന്നുകളെ സ്വതന്ത്ര ശരീരങ്ങളാക്കി. നെഞ്ചിന്റെ താഴത്തെ ഭാഗം, വയറ്, കരൾ, കുടൽ എന്നിവ ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സയാമീസ്യു ഇരട്ടകളെ സൗദിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഉത്തരവിറക്കുകയായിരുന്നു.

Advertisment

publive-image

റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കുട്ടികള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തിയത്. അഞ്ചു ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയ ഏഴു മണിക്കൂർ സമയമെടുത്തു.

സർജറിയ്ക്കിടെ ഡോ. അബ്ദുല്ല അൽറബീഅ കുട്ടികളിൽ ഇഹ്‌സാൻ എന്ന കുട്ടിയുടെ നില അതീവ ആപൽ സ്ഥിതിയിലാണെന്ന് അറിയിച്ചത് ഏറെ മ്ലാനത പരത്തിയിരുന്നു. ഇഹ്സാന് വൃക്കകളും മൂത്രാശയങ്ങളും പുരുഷ പ്രത്യുല്‍പാദന അവയവങ്ങളും ഇല്ല. മാത്രമല്ല, ഹൃദയത്തില്‍ ജന്മനാ വലിയ വൈകല്യവുമുണ്ട്. അതിനാൽ, ഇഹ്‌സാന്‍ ജീവനോടെ ബാക്കിയാകാന്‍ സാധ്യത തുലോം കുറവാണ്. എന്നാൽ ഒടുവിൽ ഇരുവരെയും വിജയകരമായി പിളർത്തിയതായും രണ്ടു പേരുടെയും ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും അറിയിപ്പുണ്ടായി. ദൗത്യം വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഓപ്പറേഷന് ശേഷം നടത്തിയ പത്രക്കുറിപ്പിൽ ഡോ. അൽറബീഅ പറഞ്ഞു.

കണ്‍സള്‍ട്ടന്റുമാരും സ്‌പെഷ്യലിസ്റ്റുകളും പാരാമെഡിക്കല്‍ സ്റ്റാഫും അടക്കം 26 അംഗ മെഡിക്കല്‍ സംഘം ഓപ്പറേഷനില്‍ പങ്കാളിത്തം വഹിച്ചു. സൗദി അറേബ്യ അയച്ച എയര്‍ ആംബുലന്‍സില്‍ മെയ് 22 ന് തുര്‍ക്കിയില്‍ നിന്നാണ് സിറിയന്‍ സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും റിയാദിലെത്തിച്ചത്. 32 മാസം പ്രായമുള്ള കുട്ടികള്‍ക്ക് ആകെ 19 കിലോ ഭാരമുണ്ട്.

publive-image

സയാമിസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനായി സൗദി ഭരണാധികാരിയുടെ പ്രത്യേക പദ്ധ്വതി പ്രകാരം സൗദി അറേബ്യ നടത്തുന്ന 58-ാമത്തെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയാണിതെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.

ഇരട്ടകളെ വേർപെടുത്താൻ വേണ്ടി ഏർപ്പെടുത്തിയ എല്ലാ സൗകര്യങ്ങൾക്കും സൗദി ഭരകൂടത്തോടും രാജാവ്, കിരീടാവകാശി എന്നിവരോടും മെഡിക്കൽ ടീം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും കുട്ടികളുടെ രക്ഷിതാക്കൾ അറിയിച്ചു. സൗദി അറേബ്യയിൽ അവർ താമസിക്കുന്നതിലുടനീളം ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും ആതിഥ്യമര്യാദയെയും അവർ പ്രത്യേകം എടുത്തുപറഞ്ഞു.

Advertisment