/sathyam/media/post_attachments/y6Makmx3tv9iUB75juLQ.jpeg)
ജിദ്ദ: ഹിജ്റ വർഷം 1445 ലെ ഉംറ സീസൺ (ചൊവ്വ, 11 ജൂലൈ 2023) ഔപചാരികമായി ആരംഭിച്ചതായി സൗദി ഹജ്ജ് - ഉംറ മന്ത്രാലയം പ്രസ്താവിച്ചു. ഇന്ന് മുതൽ തന്നെ മന്ത്രാലയത്തിന്റെ "നുസുക്". "തവക്കൽനാ" തുടങ്ങിയ ഇലക്ട്രോണിക് ആപ്പുകളിലൂടെ സൗദിയിലും ഗൾഫ് രാജ്യങ്ങളിലുമുള്ളവർക്ക് ഉംറ നിർവഹിക്കാനുള്ള രേഖകൾ കരസ്ഥമാക്കാം. സൗദിയിലെ സ്വദേശികൾ പ്രവാസികൾ, ജി സി സി രാജ്യങ്ങളിലെ സ്വദേശികൾ അവിടങ്ങളിലെ പ്രവാസികൾ എന്നിവർക്കെല്ലാം ഈ ആപ്പുകളിലൂടെ അനായാസകരമായി ഉംറ പെർമിറ്റ് നേടാനാകും.
1444 ലെ വിജയകരമായ ഹജ്ജ് സീസണ് ശേഷം കൂടുതൽ വിശ്വാസികൾക്ക് വിശുദ്ദഹ് ഉംറ നിർവഹിക്കാനും മദീനാ സിയാറത്ത് ഉൾപ്പെടെയുള്ള കർമങ്ങൾ പൂർത്തിയാക്കാനും അവസരമൊരുക്കുകയും അവർക്കു ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്‌ഷ്യം പൂർത്തീകരിക്കാനാണ് കാലേകൂട്ടിയുള്ള ഉംറ സീസണിന്റെ ആരംഭം പ്രഖ്യാപനം എന്നാണ് വിലയിരുത്തുന്നത്.
സൗദിയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും പുറമെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ മുഹറം ഒന്ന് (19 ജൂലൈ) മുതലാണ് സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങുകയെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മന്താലയം അറിയിച്ചിരുന്നു.
ഹജ്ജ്, ഉംറ മന്ത്രാലയം ആരംഭിച്ച ആപ്ലിക്കേഷനുകളിൽ ഒന്നാണ് "നുസുക്" ആപ്ലിക്കേഷൻ. ഇതിലൂടെ ഉംറയ്ക്ക് വേണ്ട പെർമിറ്റ് അപേക്ഷകന് ഓൺലൈനിലൂടെ എളുപ്പത്തിൽ ലഭിക്കും. മദീനയിലെ റൗള ശരീഫ് സന്ദർശിക്കുകയും അവിടെ വെച്ചുള്ള നിസ്കാരം എന്നിവക്കുമുള്ള പെര്മിറ്റുകളും ഇതിലൂടെ ലഭിക്കും. പുണ്യ കേന്ദ്രങ്ങളിലെ ആളുകളെ ഉൾക്കൊള്ളാനുള്ള വ്യാപ്തി, നിലവിലെ തിരക്ക്, സുരക്ഷാ, ആരോഗ്യ രംഗങ്ങൾ എന്നിവയെല്ലാം ബന്ധപ്പെട്ടവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ചാണ് പെർമിറ്റുകൾ ഓൺലൈനിലൂടെ ശരിപ്പെടുക. ഇതിലൂടെ, ആരോഗ്യ, ആത്മീയ, സുരക്ഷാ സൽസ്ഥിതി ആരാധകർക്ക് ഉറപ്പാക്കാനാകും.
നുസ്‌ക് ലിങ്ക് : https://www.nusuk.sa/ar/about
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us