/sathyam/media/post_attachments/1BzLGKMSBNhllRuQG6rh.jpg)
ജിദ്ദ: സ്വീഡനിൽ കഴിഞ്ഞ മാസം അരങ്ങേറിയ വിശുദ്ധ ഖുർആൻ കത്തിക്കൽ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ പ്രമേയം പാസ്സാക്കി. രാജ്യാന്തര ഇസ്‌ലാമിക സംഘടനയായ ഓർഗനൈസേഷൻ ഓർ ഇസ്‌ലാമിക് കോഓപ്പറേഷനെ പ്രതിനിധീകരിച്ച് പാകിസ്ഥാൻ അവതരിപ്പിച്ച പ്രമേയമാണ് പാസായത്. അമേരിക്കയും നിരവധി യൂറോപ്യൻ രാജ്യങ്ങളും പ്രമേയത്തെ എതിർത്തെങ്കിലും പാസ്സാവുകയായിരുന്നു.
പ്രമേയം മനുഷ്യാവകാശത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരാണെന്ന് എതിർത്തുകൊണ്ട് അമേരിക്ക വാദിച്ചു.
വിവേചനത്തിലേക്കോ ശത്രുതയിലേക്കോ അക്രമത്തിലേക്കോ പ്രേരിപ്പിക്കുന്ന മത വിദ്വേഷത്തെ ചെറുക്കുക എന്ന സന്ദേശം ഉയർത്തി അവതരിപ്പിച്ച പ്രമേയത്തെ 28 രാജ്യങ്ങൾ എതിർത്തപ്പോൾ 12 രാഷ്ട്രങ്ങൾ അനുകൂലിച്ചു. ഏഴു രാജ്യങ്ങൾ വിട്ടുനിന്നു. ഖുർആനിനെ അപകീർത്തിപ്പെടുത്തുന്ന സമീപകാല നീക്കങ്ങളും ബോധപൂർവമായ പ്രവൃത്തികളും ഉൾപ്പെടെ, മതപരമായ വിദ്വേഷത്തിന്റെ എല്ലാ മുറവിളികളും നീക്കങ്ങളും കൗൺസിൽ ശക്തമായി നിരാകരിക്കുന്നുവെന്ന് പ്രമേയം ഉൽഘോഷിക്കുന്നു.
വിദ്വേഷവും വെറുപ്പും വംശീയതയും ഇളക്കി വിടുന്ന പ്രചാരങ്ങളല്ല അഭിപ്രായ സ്വന്തന്ത്ര്യമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. കഴിഞ്ഞ ജൂണിൽ സ്വീഡനിൽ പരസ്യമായി വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ച സംഭവം അവലോകനം ചെയ്യാൻ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു സൗദി വിദേശകാര്യ മന്ത്രി. മറ്റുള്ളവരെ വെറുക്കുന്നതിനും അവർക്കെതിരെ വിദ്വേഷം ഇളക്കിവിടുന്നതിനുമുള്ള ഉപാധിയായി അഭിപ്രായ സ്വാതന്ത്ര്യം മാറരുതെന്ന് ഫൈസൽ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
/sathyam/media/post_attachments/l2s1MsMj39IT7X2bNPPx.jpg)
അടിയന്തിര സ്വഭാവത്തോടെയാണ് യു എൻ മനുഷ്യാവകാശ കൗൺസിൽ വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നത്. വിശുദ്ധ മുസ്ഹഫ് കോപ്പി തീവ്രവാദികൾ കത്തിച്ചതിനെ സൗദി അറേബ്യ ശക്തിയായി അപലപിക്കുകയും ഈ വർഷം വിശുദ്ധ ഖുർആൻ പ്രതികൾ ആവർത്തിച്ച് അഗ്നിക്കിരയായ സംഭവങ്ങൾ ഒരുക്കലും ആവർത്തിച്ചുകൂടെന്നും സൗദി മന്ത്രി ആവശ്യപ്പെട്ടു.
സഹിഷ്ണുത, മിതവാദം, തീവ്രവാദത്തെ നിരാകരിക്കൽ എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത്തരം സംഭവങ്ങൾ വലിയ വിപരീതഫലം ഉണ്ടാക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നടത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് വെറുപ്പ്, വിദ്വേഷം, അക്രമം, ശത്രുത എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം നീച ചെയ്തികളുടെ നടക്കുന്നവർ ചെയ്യുന്നത്. . സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ആഗോള സംസ്‌കാരം നിലവിൽ വരുന്നതിന് വിവിധ മതങ്ങളെ ആദരിക്കാനും അംഗീകരിക്കാനും ഈ ബോധം എല്ലാ സമൂഹങ്ങളിലും പ്രചരിപ്പിക്കാനുമുള്ള ഒന്നിച്ചുള്ള രാജ്യാന്തര നീക്കങ്ങൾ ഉണ്ടാവണമെന്നും ഫൈസൽ ഫർഹാൻ രാജകുമാരൻ ആവർത്തിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം എന്നത് സമൂഹങ്ങൾക്കിടയിൽ പരസ്പര ആദരവും സഹവർത്തിത്വവും പ്രചരിപ്പിക്കുന്ന ഒരു സുകൃതമായി മാറേണ്ടിടത്ത് അതിനെ വെറുപ്പും വിദ്വേഷവും സാംസ്‌കാരിക - നാഗരിക സംഘട്ടനം ഉണ്ടാക്കുന്നതിനുള്ള ഉപാധിയായി കൊണ്ടുനടക്കുന്നത് മാനവലോകത്തിന് അനുപേക്ഷണീയമല്ലെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ഫർഹാൻ തുടർന്നു.
ബലിപ്പെരുന്നാൾ ദിവസമായ ജൂൺ 28 നായിരുന്നു സ്റ്റോക്ഹോമിലെ ഗ്രാൻഡ് മസ്ജിദിന് മുന്നിൽ വെച്ച് സ്വീഡനിൽ കുടിയേറിപ്പാർത്ത ഒരു ഇറാഖി വംശജൻ വിശുദ്ധ ഖുർആന്റെ പ്രതി പട്ടാപകലിൽ അഗ്നിക്കിരയാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us