കോഴിക്കോട്: ക്ലബ് ഹൗസിൽ ചർച്ച നടത്തി ഹരിത സംഘടനാ മുൻ ഭാരവാഹികൾ. വനിതാ സംഘടനകളുടെ ദൗത്യമെന്തെന്ന തലക്കെട്ടോടെയാണ് ഹരിത നേതാക്കൾ ചർച്ച നടത്തിയത്. സ്വത്വത്തേയും വ്യക്തിത്വത്തേയുംഎം ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ എതിർപ്പ് ഉന്നയിച്ചത്.
തുടർച്ചയായി വെർബൽ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നു. നീതി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പരിഗണന ലഭിച്ചില്ല. അതിനാൽ നിയമപരമായി നേരിടുമെന്നും ഹരിത നേതാക്കൾ വ്യക്തമാക്കി. അതേസമയം, മുസ്‌ലിം ലീഗിനും എം.എസ്.എഫ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് മിന ജലീൽ രംഗത്തെത്തി.
ലീഗിന്റേത് ഏകപക്ഷീയമായ തീരുമാനമെന്ന് മിന ജലീൽ പറഞ്ഞു. ആക്ഷേപിച്ചവരുടെ പ്രയോഗങ്ങൾ തെറ്റായി തോന്നാത്തത് ഭീകരമായ അവസ്ഥയാണ്. ഹരിതയുടെ വാദത്തിന് ലീഗ് പുല്ലുവില നൽകിയില്ലെന്ന് മിന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആൺ അഹന്തയ്ക്ക് മുന്നിൽ അടിയറവ് പറയില്ല, രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും മിന ജലീൽ പറഞ്ഞു. വനിതാ കമ്മീഷന് പരാതി നൽകിയ പത്ത് പേരിൽ ഒരാളാണ് മിന ജലീൽ.
ഹരിത നിലവിൽ വന്നിട്ട് പത്ത് വർഷം തികയുന്ന ഈ ദിനത്തിൽ സംതൃപ്തിയോടെയും അഭിമാനത്തോടെയും പടിയിറങ്ങുകയാണ് അതിലേറെ ആർജ്ജവത്തോടെ ഈ സമരവുമായ് മുന്നോട്ട് പോകുക തന്നെ ചെയ്യും. പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന കമ്മറ്റിക്ക് ആശംസകൾ എന്നും മിന ഫേസ്ബുക്കിൽ കുറിച്ചു.