Advertisment

കൊവിഡ് 19 മഹാമാരിയില്‍ നിന്ന് മുക്തരായാലും ദീര്‍ഘകാലത്തേക്ക് കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് 'ലോംഗ് കൊവിഡ്'. ഈ 'ലോംഗ് കൊവിഡ്' പ്രധാനമായും കണ്ടുവരുന്നത് കൊവിഡ് പിടിപെട്ട് ആശുപത്രിയില്‍ ചികിത്സ തേടേണ്ടുന്ന ഘട്ടം വരെയെത്തിയ രോഗികളിലാണ്. ഇത്തരത്തിൽ ലോംഗ് കൊവിഡ് സാധ്യത കൂടുതലായി കണ്ടുവരുന്നത് നാല് വിഭാഗക്കാരിലാണ്

New Update

publive-image

Advertisment

കൊവിഡ് 19 മഹാമാരിയില്‍ നിന്ന് മുക്തരായാലും അതിന്റെ അനന്തരഫലങ്ങളില്‍ നിന്ന് പരിപൂര്‍ണമായി മുക്തി നേടാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. ഇത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍/ കൊവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനെയാണ് 'ലോംഗ് കൊവിഡ്' എന്ന് വിളിക്കുന്നത്.

'ലോംഗ് കൊവിഡ്' പ്രധാനമായും കണ്ടുവരുന്നത് കൊവിഡ് പിടിപെട്ട് ആശുപത്രിയില്‍ ചികിത്സ തേടേണ്ടുന്ന ഘട്ടം വരെയെത്തിയ രോഗികളിലാണ്. എന്നാല്‍ ചില വിഭാഗക്കാരില്‍ 'ലോംഗ് കൊവിഡ്' സാധ്യത കൂടുതലാണെന്നാണ് പുതിയൊരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

യുഎസ് 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി)യുടെ റിപ്പോര്‍ട്ടിലാണ് ഈ വിഷയം പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. സിഡിസി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള നാല് വിഭാഗങ്ങള്‍ ആരെല്ലാമാണെന്ന് കൂടി അറിയാം...

ഒന്ന്..

കൊവിഡ് പിടിപെടുന്നവരിലും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരിലുമെല്ലാം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കുറവാണെന്നാണ് നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളെല്ലാം അവകാശപ്പെടുന്നത്. മരണനിരക്കും സ്ത്രീകളില്‍ താരതമ്യേന കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 'ലോംഗ് കൊവിഡ്' സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കാണുന്നതെന്ന് സിഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'ബ്രെയിന്‍ഫോഗ്' (തലച്ചോറിന്റെ പ്രവര്‍ത്തനം ചെറിയ രീതിയില്‍ പ്രശ്‌നത്തിലാകുന്ന അവസ്ഥ), തളര്‍ച്ച, സ്‌ട്രെസ്, ആര്‍ത്തവപ്രശ്‌നങ്ങളെല്ലാം സ്ത്രീകള്‍ 'ലോഗ് കൊവിഡു'മായി ബന്ധപ്പെട്ട് നേരിടാം.

രണ്ട്..

പ്രായമേറുന്നതിന് അനുസരിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ ക്ഷയിച്ചുവരുന്നുണ്ട്. അതിനാല്‍ തന്നെ നാല്‍പതിന് മുകളില്‍ പ്രായമുള്ളവരില്‍ കൊവിഡ് അല്‍പം കൂടി ഗൗരവമായി വരാം. ഈ വിഭാഗക്കാരില്‍ 'ലോംഗ് കൊവിഡ്' സാധ്യതയും കൂടുതലായിരിക്കുമെന്ന് സിഡിസി റിപ്പോര്‍ട്ട് പറയുന്നു.

മൂന്ന്..

കറുത്തവരില്‍ (Black People) കൊവിഡ് കൂടുതലായി കാണപ്പെടുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. ഇതുതന്നെ 'ലോംഗ് കൊവിഡി'ന്റെ കാര്യത്തിലും ബാധകമാണെന്നാണ് സിഡിസി റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. ജനിതകമായ സവിശേഷതകളാണത്രേ ഇതില്‍ ഘടകമാകുന്നത്.

നാല്..

മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉള്ളവരാണെങ്കില്‍ അവരില്‍ കൊവിഡ് 19 തന്നെ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയാലും (ടെസ്റ്റ് ഫലം നെഗറ്റീവ് ആയാലും) 'ലോംഗ് കൊവിഡ്' വെല്ലുവിളി ഇവരില്‍ കൂടുതലായിരിക്കുമത്രേ.

 

Health
Advertisment