മുതിര്‍ന്നവരില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുമ്പോൾ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഉണ്ടാകുന്ന ന്യൂട്രലൈസിങ് ആന്‍റിബോഡികളുടെ തോത് മൂന്ന് മാസത്തിനുള്ളില്‍ കുറയുന്നതായി പഠനങ്ങൾ .ഗവേഷണത്തിന്‍റെ ഭാഗമായി അമേരിക്കയില്‍ സിംഗിള്‍ ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് മിക്സ് ആന്‍ഡ് മാച്ച് അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. ചിലര്‍ക്ക് അവര്‍ നേരത്തെ എടുത്ത ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീന്‍ തന്നെ ബൂസ്റ്ററായി നല്‍കിയപ്പോള്‍ ചിലര്‍ക്ക് മറ്റൊരു വാക്സീനാണ് ബൂസ്റ്റര്‍ ഡോസായി തിരഞെടുത്തത്. ബൂസ്റ്റര്‍ ഡോസ് എടുത്ത രണ്ട് സംഘത്തിലും പെട്ടവര്‍ക്ക് ഒമിക്രോണ്‍ ബിഎ.1 ഉപവകഭേദത്തിനെതിരെ ഉയര്‍ന്ന തോതിലുള്ള ആന്‍റിബോഡികള്‍ ശരീരത്തിലുണ്ടായി.
ഒരേ വാക്സീന്‍ തന്നെ ആദ്യ ഡോസും ബൂസ്റ്റര്‍ ഡോസുമായി എടുത്തവര്‍ക്ക് വ്യത്യസ്ത വാക്സീനുകള്‍ എടുത്തവരെ അപേക്ഷിച്ച് ആന്‍റിബോഡി തോത് അല്‍പം കുറവായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. അതേ സമയം എല്ലാവരിലും ബൂസ്റ്റര്‍ എടുത്ത് മൂന്ന് മാസത്തിനുള്ളില്‍ ആന്‍റി ബോഡിതോത് 2.4 മുതല്‍ 5.3 മടങ്ങ് കുറഞ്ഞു. ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ബിഎ.2.12.1, ബിഎ.4/ബിഎ.5 എന്നിവ ആന്‍റിബോഡികളാല്‍ നിര്‍വീര്യമാക്കപ്പെടാനുള്ള സാധ്യത യഥാക്രമം ഒന്നര മടങ്ങും രണ്ടര മടങ്ങും ബിഎ.1 ഉപവകഭേദത്തെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിഎ.5 ആണ് നിലവില്‍ അമേരിക്കയിലെ പ്രബല കോവിഡ് വകഭേദം. സെല്‍ റിപ്പോര്‍ട്സ് മെഡിസിന്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.