പ്രമേഹം അഥവാ ഷുഗര്‍ പിടിപെട്ട് കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഡയറ്റാണ്. സമയത്തിന് കഴിക്കുക എന്നതിന് പുറമെ കഴിക്കേണ്ട ഭക്ഷണങ്ങള്‍ സൂക്ഷ്മതയോടെ വേണം തെരഞ്ഞെടുക്കാൻ. ഷുഗര്‍നില കൂടുന്ന തരത്തിലുള്ള ഭക്ഷണങ്ങളൊന്നും കഴിക്കാതെ ശ്രദ്ധിച്ചാല്‍ മാത്രമേ രോഗം നിയന്ത്രിച്ചുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
ഇത്തരത്തില്‍ ചില ഭക്ഷണങ്ങള്‍ പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടിവരും. അതേസമയം ചില ഭക്ഷണങ്ങള്‍ രോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഡയറ്റിലുള്‍പ്പെടുത്തുകയും വേണം. പ്രധാനമായും സൊല്യൂബള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ഈ രീതിയില്‍ പ്രമേഹരോഗികള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ടത്. കാരണം ഇവ, പ്രമേഹം നിയന്ത്രിക്കുന്നതിന് വലിയ രീതിയില്‍ സഹായകമാണ്.
ഒന്ന്...
സ്റ്റീല്‍- കട്ട് ഓട്ട്സ്: ഇത് സൊല്യൂബള്‍ ഫൈബറിന്‍റെ സമ്പന്നമായ സ്രോതസാണ്. അതുകൊണ്ട് തന്നെ പ്രമേഹം നിയന്ത്രിക്കാൻ സഹായകവുമാണ്. ദീര്‍ഘസമയത്തേക്ക് വിശപ്പ് തോന്നാതിരിക്കാനും അതുവഴി കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സ്റ്റീല്‍-കട്ട് ഓട്ട്സ് സഹായകമാണ്.
രണ്ട്...
ബാര്‍ലി: ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു വിഭവമാണ് ബാര്‍ലി. ഇതും സൊല്യൂബള്‍ ഫൈബറിന്‍റെ നല്ലൊരു ഉറവിടം തന്നെ. ഷുഗര്‍ നിയന്ത്രിക്കാൻ മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായകമാണ്.
മൂന്ന്...
വെള്ളക്കടല: ഇതും ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണമാണ്. അതിനാല്‍ തന്നെ പ്രമേഹരോഗികള്‍ക്ക് ഏറെ ഉചിതം.
നാല്...
ആപ്പിള്‍ : പ്രമേഹരോഗികള്‍ക്ക് ഫ്രൂട്ട്സ് അഥവാ പഴങ്ങള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട് പല ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ മിതമായ അളവില്‍ മിക്ക പഴങ്ങളും പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്നതാണ്. ഇതില്‍ തന്നെ ഫൈബറിനാല്‍ സമ്പന്നമാണെന്നത് കൊണ്ട് ആപ്പിള്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തണം. ആപ്പിളിലടങ്ങിയിരിക്കുന്ന 'പെക്ടിൻ' എന്ന ഫൈബറാണ് ഷുഗര്‍ കുറയ്ക്കാൻ സഹായിക്കുന്നത്.
അഞ്ച്...
കസ്കസ്: നമ്മള്‍ ജ്യൂസുകളിലും സലാഡുകളിലുമെല്ലാം ചേര്‍ത്ത് കഴിക്കുന്ന കസ്കസും പ്രമേഹരോഗികള്‍ക്ക് ഏറെ നല്ലതാണ്. ഇതും ഷുഗര്‍ ഉയരുന്നത് തടയാൻ സഹായിക്കുന്നു.