വയര്‍ വീര്‍ക്കല്‍, തൊലിക്കടിയിലെ രക്തക്കുഴലുകള്‍ വീര്‍ക്കല്‍, കൈകള്‍ക്ക് ചുവപ്പ്, മഞ്ഞപിത്തം ,കൈയിലും കാലിലും ചൊറിച്ചില്‍ ലക്ഷണമുണ്ടെങ്കിൽ സൂക്ഷിക്കണം.....

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ് അഥവാ സ്റ്റിയറ്റോസിസ്. ഒരു നിശ്ചിത തോതില്‍ കൊഴുപ്പ് കരളിന് ആവശ്യമാണെങ്കിലും ഇത് കരളിന്‍റെ ഭാരത്തിന്‍റെ 5-10 ശതമാനത്തിനും മുകളിലേക്ക് പോയാല്‍ അപകടകരമാണ്. അമിത മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിങ്ങനെ രണ്ട് തരത്തില്‍ ഫാറ്റി ലിവര്‍ രോഗമുണ്ടാകാം.

Advertisment

publive-image

ഇതിലെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന്‍റെ അത്ര പരിചിതമല്ലാത്ത ഒരു ലക്ഷണമാണ് ശരീരത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍. പ്രധാനമായും കൈപ്പത്തിയിലും കാല്‍പ്പത്തിയിലുമാണ് ഈ ചൊറിച്ചില്‍ പ്രത്യക്ഷപ്പെടുന്നത്. രാത്രിയാകുമ്പോൾ ചൊറിച്ചില്‍ അസഹ്യമാകുന്നതായി തോന്നാമെന്ന് പറയുന്നു. ബൈലിയറി സിറോസിസ്, പ്രൈമറി സ്ക്ളിറോസിങ് കൊളാന്‍ജിറ്റിസ്, ഇന്‍ട്രാഹെപാറ്റിക് കൊളെസ്റ്റാസിസ് തുടങ്ങിയ കരള്‍ രോഗങ്ങളുടെ ഭാഗമായും ഈ ചൊറിച്ചില്‍ കണ്ട് വരാറുണ്ട്.

കരള്‍ രോഗമുള്ളവരില്‍ ഉയര്‍ന്നതോതില്‍ ബൈല്‍ സാള്‍ട്ട് തൊലിക്കടിയില്‍ അടിഞ്ഞു കൂടാറുണ്ടെന്നും ഇതാകാം ചൊറിച്ചിലിന് കാരണമെന്നും ആരോഗ്യവിദഗ്ധര്‍ കരുതുന്നു. കരള്‍ രോഗികളുടെ രക്തത്തില്‍ അമിതമായി കാണപ്പെടുന്ന സെറം ആല്‍ക്കലൈന്‍ ഫോസ്ഫറ്റേസ് മൂലവും ചൊറിച്ചില്‍ വരാം. രൂക്ഷമായ മണില്ലാത്ത മൈല്‍ഡ് സോപ്പുകള്‍ ഇത്തരം ചൊറിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കുളിക്കാന്‍ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ തിരഞ്ഞെടുക്കാം. ചൊറിച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ ഐസ് ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും. കഴിവതും വെയിലും ചൂട് അന്തരീക്ഷവും ഒഴിവാക്കുക. അയഞ്ഞ കാറ്റ് കയറുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാനും ഇത്തരക്കാര്‍ ശ്രദ്ധിക്കേണ്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു.

വയര്‍ വീര്‍ക്കല്‍, തൊലിക്കടിയിലെ രക്തക്കുഴലുകള്‍ വീര്‍ക്കല്‍, കൈകള്‍ക്ക് ചുവപ്പ്, മഞ്ഞപിത്തം എന്നിവയെല്ലാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. അമിതഭാരം നിയന്ത്രിച്ചും, നിത്യവും വ്യായാമം ചെയ്തും മദ്യപാനം നിയന്ത്രിച്ചും പുകവലി ഒഴിവാക്കിയുമെല്ലാം കരള്‍ രോഗങ്ങളുടെ സാധ്യത കുറയ്ക്കാവുന്നതാണ്. പഴങ്ങളും പച്ചക്കറികളും അധികമുള്ളതായ ഭക്ഷണക്രമം തിരഞ്ഞെടുക്കുകയും സംസ്കരിച്ചതും അമിതമായ എണ്ണ ചേര്‍ന്നതുമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.

Advertisment